ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. കേസിലെ ഗൂഢാലോചനയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കം.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിന് കഴിഞ്ഞ മാസമാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനുള്ള വഴിവിട്ട ബന്ധങ്ങളും ബിനാമി ഇടപാടുകളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്.
ശബരിമലയിലെ സ്വർണ്ണക്കവർച്ച നടന്ന സമയത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 1998-ൽ വിജയ് മല്യ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച സ്വർണ്ണപ്പാളികൾ മോഷ്ടിക്കാൻ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാവിധ ഒത്താശകളും ചെയ്തു നൽകിയത് മുരാരി ബാബുവാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വിഗ്രഹങ്ങളിലും ശ്രീകോവിലിലും ഉണ്ടായിരുന്ന സ്വർണ്ണപ്പാളികൾ വെറും ‘ചെമ്പ് പാളികൾ’ ആണെന്ന് ഔദ്യോഗിക രേഖകളിൽ തിരുത്തി എഴുതിയത് മുരാരി ബാബുവാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണ്ണം മിനുക്കിയെടുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇദ്ദേഹം അനുമതി നൽകി. ചെന്നൈയിലേക്കും കർണാടകയിലേക്കും കടത്തിയ ഈ സ്വർണ്ണം പിന്നീട് തിരികെ എത്തിയില്ലെന്നും പകരം സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വർണ്ണക്കവർച്ചയിലൂടെ ലഭിച്ച പണം മുരാരി ബാബു വിവിധ ബിനാമി പേരുകളിൽ നിക്ഷേപിച്ചതായും ഇഡി സംശയിക്കുന്നുണ്ട്. മുമ്പ് നടത്തിയ ചോദ്യം ചെയ്യലുകളിൽ പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.
കേസിലെ ഉന്നതബന്ധങ്ങളെക്കുറിച്ചും ദേവസ്വം ബോർഡിലെ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും മുരാരി ബാബുവിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്. സ്വർണ്ണക്കവർച്ചയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് വഴിപാട് കരാറുകളിലും മുരാരി ബാബു അഴിമതി നടത്തിയതായി ആക്ഷേപമുണ്ട്. വരും ദിവസങ്ങളിൽ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ അദ്ദേഹത്തിന് നോട്ടീസ് നൽകും.









