ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ശനിയാഴ്‌ചയായിരുന്നു ചോദ്യം ചെയ്യൽ.
ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ഫയലുകളിൽ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിച്ചത്. പത്മകുമാർ നൽകിയ മൊഴിയിൽ സ്വർണ്ണക്കൊള്ളയെക്കുറിച്ച് മന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്ന തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനായാണ് കടകംപള്ളിയെ വിളിപ്പിച്ചത്.
എന്നാൽ, ദേവസ്വം ബോർഡ് എടുത്ത തീരുമാനങ്ങളിൽ സർക്കാരിനോ മന്ത്രിക്കോ നേരിട്ട് പങ്കില്ലെന്നും തനിക്ക് ഇതുമായി ബന്ധപ്പെട്ട് അറിവില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയത്.
അതേസമയം, കേസിലെ പ്രതികളായ പത്മകുമാറിനും ഗോവർധനും കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇവർക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ രാഷ്ട്രീയ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിനിടെയാണ് മുൻ മന്ത്രിയെ ചോദ്യം ചെയ്തത് എന്നത് സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.










