Home / Politics / ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം സ്വർണ്ണാപഹരണ എന്നിങ്ങനെ രണ്ട് കേസുകളിലായി സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ വിധി. അറസ്റ്റിലായി 41 ദിവസത്തിന് ശേഷമാണ് തന്ത്രി ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്.

കേസിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും സ്വർണ്ണപ്പാളികൾ കടത്തുന്നതിലും മറിച്ചുവിൽക്കുന്നതിലും അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ വാദിച്ചിരുന്നു. കൂടാതെ, തന്ത്രിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലെ വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, താന്ത്രികപരമായ കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടതെന്നും ഭരണപരമായോ സാമ്പത്തികമായോ ഉള്ള കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു തന്ത്രിയുടെ ഭാഗത്തു നിന്നുള്ള വാദം.

പ്രഥമദൃഷ്ട്യാ തന്ത്രിക്ക് സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇനിയും ലഭ്യമല്ലെന്ന വിലയിരുത്തലിലാണ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കോടതി കണക്കിലെടുത്തിട്ടുണ്ട്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെ പുറത്തിറങ്ങും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *