ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ നേരത്തെ അവകാശപ്പെട്ടിരുന്ന നവോത്ഥാന നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടി ഭയന്നാണ് സി.പി.എം തങ്ങളുടെ പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞതെന്നും, ഇപ്പോൾ പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്ന നിലപാടിലേക്ക് സർക്കാർ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും എറണാകുളത്ത് മാധ്യമ പ്രവർത്തകരെ കാണവേ സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിലെ കാലതാമസം സംബന്ധിച്ച ചോദ്യങ്ങൾക്കും സതീശൻ മറുപടി നൽകി. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ എല്ലാ പാർട്ടികളും ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും, സി.പി.എമ്മും ബി.ജെ.പിയും ഉൾപ്പെടെയുള്ള പാർട്ടികൾ ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്തു വിടാത്തതും ഇത് മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി നേതാക്കൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നത് പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം നിലനിൽക്കുന്നത് മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് അന്വേഷണത്തിൽ സർക്കാരിനെതിരെ സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുൻ നിലപാടുകളിൽ നിന്ന് പിണറായി സർക്കാർ പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഇതുവരെ കൃത്യമായ കണ്ടെത്തലുകളിൽ എത്താൻ സാധിച്ചിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കേസിൽ പ്രാഥമിക കുറ്റപത്രം പോലും സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതിനാൽ പ്രതികളെല്ലാം സ്വാഭാവിക (Statutory Bail) ജാമ്യത്തിലിറങ്ങി. ജാമ്യത്തിലിറങ്ങിയവർ തെളിവുകൾ നശിപ്പിക്കും. സി.പി.എം നേതാക്കളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയതായും സതീശൻ ആരോപിച്ചു.
നഷ്ടപ്പെട്ട സ്വർണ്ണമോ മറ്റ് പുരാവസ്തുക്കളോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.










