Home / Kerala / മുതിർന്ന കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് നടക്കും.

വടകര ലോക്സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ പ്രതിനിധീകരിച്ച അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ മലയാളി സാന്നിധ്യമായിരുന്നു. വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൾഫ് യുദ്ധകാലത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കെ.പി. ഉണ്ണികൃഷ്ണൻ ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ അദ്ദേഹം എ.ഐ.സി.സി (യു) വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു. പിന്നീട് എ.ഐ.സി.സി (എസ്) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് അഴിമതി എന്നിവ പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ദീർഘകാലം കോൺഗ്രസിന് പുറത്തുനിന്ന അദ്ദേഹം 1993-ലാണ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *