Home / Politics / ഇ ശ്രീധരന് തിരിച്ചടി; റെയിൽ പദ്ധതിയിൽ പങ്കില്ലെന്ന് അതിവേഗ റെയിൽ കോർപറേഷൻ

ഇ ശ്രീധരന് തിരിച്ചടി; റെയിൽ പദ്ധതിയിൽ പങ്കില്ലെന്ന് അതിവേഗ റെയിൽ കോർപറേഷൻ

കേരളത്തിൽ അതിവേഗ റെയിൽപാത നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി മുന്നോട്ട് പോകുന്ന മെട്രോമാൻ ഇ. ശ്രീധരന് തിരിച്ചടി. സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് യാതൊരുവിധ ചുമതലകളും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ (NHSRC) വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെയുള്ള കാലയളവിൽ കേരളത്തിലെ ഒരു റെയിൽവേ പദ്ധതിയിലും ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മറുപടിയിൽ പറയുന്നു. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ അദ്ദേഹത്തെ ഔദ്യോഗികമായി നിയോഗിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

അതിവേഗ പാതയ്ക്കായി ഡി.പി.ആർ (DPR) തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്റെ മേൽനോട്ടത്തിൽ ഡി.എം.ആർ.സി അത് ചെയ്യുമെന്നുമായിരുന്നു ശ്രീധരൻ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം പൊന്നാനിയിൽ ഓഫീസും തുറന്നിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലോടെ, അനുമതിയില്ലാതെ എന്തിനാണ് അദ്ദേഹം ഓഫീസ് തുറന്നതെന്ന ചോദ്യം ഉയരുകയാണ്.

നേരത്തെ പാർലമെന്റിൽ എം.പിമാരായ ജോൺ ബ്രിട്ടാസ്, ഹാരിസ് ബീരാൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ശ്രീധരന്റെ ചുമതലയെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. കേരള സർക്കാർ വിഭാവനം ചെയ്ത ആർ.ആർ.ടി.എസ് (RRTS) പദ്ധതിയെ ‘വേസ്റ്റ്’ എന്ന് വിശേഷിപ്പിച്ച ശ്രീധരൻ, അത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതിവേഗ റെയിൽ കോർപറേഷന്റെ വിശദീകരണം പുറത്തുവരുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *