കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും കേഡർ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) തിരുത്തൽ. നിലവിലെ എക്സൈസ് കമ്മീഷണറായ എം.ആർ. അജിത് കുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കാനും ട്രിബ്യൂണൽ ഉത്തരവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥർക്കായി നിശ്ചയിച്ചിട്ടുള്ള കേഡർ തസ്തികകളിൽ ഐഎഎസ് ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.
ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ട്രിബ്യൂണലിന്റെ ഈ സുപ്രധാന വിധി. ബി. അശോക് ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകൾ ട്രിബ്യൂണൽ റദ്ദാക്കി. 2014-ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും രാഷ്ട്രീയ താൽപ്പര്യങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിൽ ഇടപെടരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
എക്സൈസ് കമ്മീഷണർ പദവി ഒരു ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്നും വിധിയിൽ പറയുന്നു. എഡിജിപി റാങ്കിലുള്ള എം.ആർ. അജിത് കുമാറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തെ മാറ്റാൻ നിർദ്ദേശിച്ചത്. എക്സൈസ് കമ്മീഷണർക്ക് പുറമെ കില (KILA), ഐഎംജി (IMG) ഡയറക്ടർ തസ്തികകളും ഐഎഎസ് കേഡർ പരിധിയിൽ വരുന്നതാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.
സിവിൽ സർവീസസ് ബോർഡിന്റെ ശുപാർശയില്ലാതെയും വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്താതെയുമുള്ള സ്ഥലംമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്ക് ഒരു തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും സംസ്ഥാന സർക്കാരിനോട് സിഎടി നിർദ്ദേശിച്ചു.










