Home / Kerala / ലൈംഗികാതിക്രമ പരാതി: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റിൽ

ലൈംഗികാതിക്രമ പരാതി: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റിൽ

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ എം.എൽ.എയുമായ പി ടി കുഞ്ഞുമുഹമ്മദിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, കോടതി നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് വിട്ടയച്ചു.

തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ഡിസംബർ 20-നാണ് പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കോടതി ഉത്തരവ് പാലിച്ചാണ് അദ്ദേഹം ഇന്ന് പൊലീസിന് മുന്നിലെത്തിയത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ നവംബറിൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് തനിക്ക് നേരെ അതിക്രമമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. സിനിമകളെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.

നവംബർ 27-ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് പൊലീസിന് കൈമാറുകയും ചെയ്തു. ഡിസംബർ എട്ടിനാണ് കന്റോൺമെന്റ് പൊലീസ് സംഭവത്തിൽ കേസെടുത്തത്. യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. സംഭവസമയം ഹോട്ടലിലെ സി സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പരാതിക്കാരിയും സംവിധായകനും അവിടെയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നും പി ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. മഗ്‌രിബ്, ഗർഷോം, പരദേശി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനായ അദ്ദേഹം ഗുരുവായൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എൽഡിഎഫ് പിന്തുണയോടെ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *