സംസ്ഥാനത്തെ വോട്ടർ പട്ടിക ത്രീവ പുനഃപരിശോധനയുടെ (SIR) ഭാഗമായി സ്വീകരിച്ച നടപടികൾ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. നിലവിൽ 24 ലക്ഷത്തോളം വോട്ടർമാർ കരട് പട്ടികയ്ക്ക് പുറത്താണെങ്കിലും അർഹരായ ആരും പുറത്താകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. കുറ്റമറ്റ രീതിയിൽ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കളക്ടർമാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിപുലമായ പരിശോധനകളാണ് നടന്നുവരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വോട്ടർമാരുടെ വീടുകളിൽ മൂന്ന് തവണ വരെ നേരിട്ടെത്തി വിവരശേഖരണം നടത്തിയിട്ടുണ്ട്. ഇതിനുപുറമെ പ്രാദേശികമായ അന്വേഷണങ്ങളും നടത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. ഇത്തരത്തിൽ ആവർത്തിച്ചുള്ള പരിശോധനകൾക്ക് ശേഷവും കണ്ടെത്താൻ കഴിയാത്തവരെയാണ് ‘Untraceable’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വോട്ടർമാരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകുകയും പൊതു ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി വികേന്ദ്രീകൃതമായ സംവിധാനമാണ് ഒരുക്കുന്നത്. വോട്ടർമാർക്ക് പ്രയാസമില്ലാത്ത രീതിയിൽ പോളിങ് സ്റ്റേഷനുകൾക്ക് സമീപമോ സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങളിലോ ഹിയറിംഗുകൾ നടത്തും. ഇതിനായി ബിഎൽഒമാർ നേരിട്ടെത്തി നോട്ടീസ് നൽകും. നോട്ടീസിൽ ഹിയറിംഗിനുള്ള കാരണവും ഹാജരാക്കേണ്ട രേഖകളും വ്യക്തമാക്കും. ഈ കാലയളവിൽ ബിഎൽഒമാർക്ക് വോട്ടർ പട്ടിക പുതുക്കൽ ചുമതല മാത്രമാണ് നൽകിയിരിക്കുന്നത്.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കോ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കോ ഫോറം 6 വഴി അപേക്ഷ നൽകാം. ഇതിനായി ഓൺലൈൻ സംവിധാനവും ലഭ്യമാണ്. വിലാസം മാറ്റുന്നതിനും ബൂത്ത് മാറ്റുന്നതിനും നിലവിലുള്ള നിയമപരമായ മാർഗങ്ങളിലൂടെ അപേക്ഷിക്കാവുന്നതാണ്. ജനുവരി 22 വരെയാണ് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം. തുടർന്ന് ജനുവരി 23 മുതൽ ഫെബ്രുവരി 14 വരെ നോട്ടീസ് നൽകലും ഹിയറിംഗും നടക്കും.
സംസ്ഥാനത്തെ 2.72 കോടി വോട്ടർമാരിൽ ഏകദേശം 2.54 കോടി പേരുടെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. ഫെബ്രുവരി 21-നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ചില ബൂത്തുകളിൽ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത അവസ്ഥ അസാധാരണമായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തിയും അനർഹരെ ഒഴിവാക്കിയും പട്ടിക ശുദ്ധീകരിക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യമെന്നും രത്തൻ ഖേൽക്കർ കൂട്ടിചേർത്തു.









