തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്ത് മാനുകൾ ചത്തു. മാനുകൾക്കായി പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മാനുകൾ ചത്തത്. സംഭവത്തെത്തുടർന്ന് പാർക്കിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാനും അന്വേഷണം നടത്താനുമായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാലയായ തൃശൂര്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഒക്ടോബർ 28 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക് കേരളത്തിലെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്ക് എന്നീ പ്രത്യേകതകളുമുണ്ടിതിന്. ആഘോഷപൂർവ്വമായിരുന്നു ഉദ്ഘാടനം.
336 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്. മൃഗങ്ങൾക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങൾ മൃഗശാലയിലുണ്ട്. തൃശൂർ മൃഗശാലയിലെ 439 ജീവികളെ ഇവിടേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.
6.5 കിലോമീറ്റർ ചുറ്റളവുള്ള പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് നെയ്യാറില്‍ നിന്നുള്ള 13 വയസുള്ള വൈഗ എന്ന കടുവയായിരുന്നു. സന്ദർശകർക്ക് മൃഗങ്ങളെ ഓമനിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പെറ്റ് സൂ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള വെർച്വൽ സൂ എന്നിവ ഒരുക്കിട്ടുണ്ട്. സന്ദർശകർക്കായി പാർക്കിൽ കെ.എസ്.ആര്‍.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് സൗകര്യവുമുണ്ട്.
ഇത്രയധികം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന പാർക്കിലാണ് മാനുകളുടെ മരണം.










