വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (SIR) കേരളത്തിൽ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. വോട്ടർ പട്ടിക പുതുക്കാനുള്ള സമയം അവസാനിക്കുന്ന ഡിസംബർ 18-ന് ഹർജി വീണ്ടും പരിഗണിക്കുമെന്നും, ആവശ്യമെങ്കിൽ അപ്പോൾ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾക്കായി കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജികളിലാണ് കോടതിയുടെ നടപടി. നിലവിൽ ഡിസംബർ 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥിന്റെ ആവശ്യം. 20 ലക്ഷത്തോളം പേരെ ഇനിയും വോട്ടർ പട്ടികയിൽ പട്ടികയിൽ ഉൾപ്പെടുത്താനുണ്ടെന്നും അവധിക്കാലത്ത് വിദ്യാർത്ഥികൾക്കും മറ്റും ഇതിന് അവസരം നൽകണമെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഡിസംബർ 4-ൽ നിന്ന് ഡിസംബർ 11-ലേക്കും പിന്നീട് ഡിസംബർ 18-ലേക്കും സമയം നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു. ഇതുവരെ 97.42 ശതമാനം അപേക്ഷകളും ഡിജിറ്റൈസ് ചെയ്തതായും, ആവശ്യമെങ്കിൽ തീയതി നീട്ടാൻ കമ്മീഷൻ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13-നും നടക്കുന്നതിനാൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ സമാന്തരമായി നടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാരിനും എം വി ഗോവിന്ദനും പുറമേ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരും ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു. ഡിസംബർ 18-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീയതി നീട്ടുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കും.










