പൊതുപണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിൽ റോഡ് ടാറിങ് നടത്തിയത് വിവാദമാകുന്നു. കരിമണ്ണൂരിലാണ് സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമീഷിന്റെ കെട്ടിടത്തിന് മുന്നിൽ പണിമുടക്ക് വകവെക്കാതെ ടാറിങ് ജോലികൾ നടന്നത്. ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത സമരദിവസം തന്നെ പാർട്ടി നേതാവിന്റെ കെട്ടിടത്തിന് മുന്നിൽ നിർമ്മാണപ്രവർത്തനങ്ങൾ നടന്നതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
പണിമുടക്കിനെത്തുടർന്ന് ജനജീവിതം സ്തംഭിച്ചുനിൽക്കുമ്പോഴാണ് നേതാവിന്റെ സാന്നിധ്യത്തിൽ തൊഴിലാളികൾ ടാറിങ് നടത്തിയത്. ഇതിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. സമരം സാധാരണക്കാരെ ബാധിക്കുമ്പോൾ നേതാക്കൾക്ക് മാത്രം ഇത് ബാധകമല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
എന്നാൽ, സമീപത്തെ ഹോട്ടലിനോട് ചേർന്നുള്ള മാലിന്യക്കുഴി നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന പൊടിപടലങ്ങൾ ഒഴിവാക്കാനാണ് ടാറിങ് നടത്തിയതെന്നാണ് സുമീഷിന്റെ വിശദീകരണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ടാറിങ് നടത്താൻ സൗകര്യപ്രദമായതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിവാദം ശക്തമായതോടെ പണി നിർത്തിവെക്കാൻ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.










