തൃണമൂൽ കോൺഗ്രസിൻ്റെ മുൻനിര നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായിരുന്ന മുകുൾ റോയ് അന്തരിച്ചു. 71 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച പുലർച്ചെ 1:30-ഓടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങളാൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ മുകുൾ റോയ്, ഒരുകാലത്ത് മമതാ ബാനർജി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമനായിട്ടാണ് അറിയപ്പെട്ടിരുന്നത്. പാർട്ടിയുടെ വളർച്ചയിലും സംഘടനാപരമായ നീക്കങ്ങളിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. എന്നാൽ, മമതയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2017-ൽ അദ്ദേഹം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി മികച്ച മുന്നേറ്റം നടത്തിയതിന് പിന്നിൽ മുകുൾ റോയിയുടെ തന്ത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2020-ൽ ബിജെപി അദ്ദേഹത്തെ ദേശീയ ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്തു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ ഉത്തറിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചെങ്കിലും, തിരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ മടങ്ങി. പിന്നീട് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശാരീരിക അസ്വാസ്ഥ്യങ്ങൾ അലട്ടിയിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം തലച്ചോറിൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. മുകുൾ റോയിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.










