Home / Politics / ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അദ്ദേഹത്തിന് തന്നെ; വെള്ളാപ്പള്ളിക്കെതിരെ ബിനോയ് വിശ്വം

ചതിയൻ ചന്തു പ്രയോഗം ചേരുന്നത് അദ്ദേഹത്തിന് തന്നെ; വെള്ളാപ്പള്ളിക്കെതിരെ ബിനോയ് വിശ്വം

സിപിഐയെയും പാർട്ടി നേതൃത്വത്തെയും കടന്നാക്രമിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശക്തമായ ഭാഷയിൽ മറുപടി നൽകി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുമുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച വെള്ളാപ്പള്ളിയുടെ പരാമർശത്തിന്, ആ തൊപ്പി അത് പറഞ്ഞവർക്ക് തന്നെയാകും കൂടുതൽ ചേരുക എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ തിരിച്ചടി. പത്ത് വർഷം കൂടെ നിന്ന് എല്ലാം നേടിയ ശേഷം ഇപ്പോൾ തള്ളിപ്പറയുന്നു എന്ന വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. എൽഡിഎഫിനെ പ്രതിനിധീകരിക്കാൻ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. കണ്ടാൽ ചിരിക്കുകയും കൈകൊടുക്കുകയും ചെയ്യുമെന്നല്ലാതെ, വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റാൻ തനിക്ക് താല്പര്യമില്ലെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

ശബരിമല വിഷയത്തിലും ബിനോയ് വിശ്വം തന്റെ നിലപാട് വ്യക്തമാക്കി. ശബരിമലയിലെ സ്വത്ത് അപഹരിച്ചവർ ആരായാലും അവർക്ക് ശിക്ഷ ലഭിക്കണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവർത്തനങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിയെക്കുറിച്ചും എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചും സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശൻ സിപിഐക്കെതിരെ രംഗത്തെത്തിയത്. എന്നാൽ, മുന്നണിക്കുള്ളിലെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് മുന്നണിക്കുള്ളിലാണെന്നും പുറത്തുനിന്നുള്ളവരുടെ ഇടപെടലുകൾ അനുവദിക്കില്ലെന്നുമാണ് സിപിഐയുടെ നിലപാട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *