Home / Politics / ഒരു മതത്തിന്റെ രാഷ്ട്രം എന്ന സങ്കല്പം പലമതസാരവുമേകം എന്ന ഗുരുദേവ വചനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

ഒരു മതത്തിന്റെ രാഷ്ട്രം എന്ന സങ്കല്പം പലമതസാരവുമേകം എന്ന ഗുരുദേവ വചനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ സംസ്‌കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ബഹുസ്വരതയും ഉപസംസ്‌കൃതികളും തകര്‍ക്കുകയാണ്. ഐതിഹ്യങ്ങളെയും കല്‍പ്പിത ഭാവനകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യ ദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് അവരുടെ ലക്ഷ്യം. ഇത് സാംസ്‌കാരിക ഫാസിസത്തിന്റെ ദൗത്യം തന്നെയാണെന്നു തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്കു കഴിയണമെന്നും ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തോടനുബന്ധിച്ച നടന്ന വിശ്വാസ സംഗമം ഉദ്ഘാടാനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

ആദ്യം ഗുരു പറഞ്ഞത് ശിവഗിരി തീര്‍ത്ഥാടനം ഈഴവരുടെ മാത്രം തീര്‍ത്ഥാടനമായി മാറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്. എന്നിട്ട് ചില നിബന്ധനകളും ഗുരു ഇരുവരുടെയും മുന്നില്‍ വെച്ചു. തീര്‍ത്ഥാടകര്‍ ശ്രീബുദ്ധന്റെ പഞ്ചശുദ്ധികളായ വാക്ശുദ്ധി, ശരീരശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയ ശുദ്ധി, ഗൃഹശുദ്ധി എന്നിവ അനുഷ്ഠിച്ച് ആത്മോപദേശ, അഷ്‌ടോത്തരാദി മന്ത്രങ്ങള്‍ ജപിച്ച്, സര്‍വ സാഹോദര്യ മന്ത്രങ്ങള്‍ സ്മരിച്ച് യൂറോപ്യന്മാരുടെ ആണ്ടു പിറപ്പായ ജനുവരി ഒന്നിന് അറിവിന്റെ തീര്‍ത്ഥാടകരായി ശിവഗിരിയില്‍ എത്തിച്ചേരണമെന്നു നിര്‍ദ്ദേശിച്ചു.

എന്നു പറഞ്ഞാല്‍, ശിവഗിരി തീര്‍ത്ഥാടനം ഒരു സര്‍വമത ദര്‍ശന സമന്വയത്തിന്റെ തീര്‍ത്ഥാടനമായിരിക്കണം എന്നാണ് ഗുരു കണ്ടത്. ഇവിടെയും, പാപക്കറ കഴുകിക്കളഞ്ഞ് പുണ്യം നേടുകയെന്ന കേവലമായ തീര്‍ത്ഥാടനത്തിന്റെ സ്ഥലരാശിയിലല്ല ഗുരു സഞ്ചരിച്ചത് എന്നു കാണാം. മറിച്ച്, തന്റെ സന്യാസജീവിതത്തിന്റെ അകം പൊരുളായ ഭൗതികജീവിത പുരോഗതിയുടെ അതിരുകളിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോകാന്‍ കൂടി തീര്‍ത്ഥാടനം ലക്ഷ്യമിടണമെന്നായിരുന്നു.

ഗുരു നിര്‍ദേശിച്ച എട്ടു കാര്യങ്ങളില്‍ ഈശ്വരഭക്തി എന്ന ഒറ്റക്കാര്യം മാത്രമേ ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ടതായുള്ളൂ എന്നതു ശ്രദ്ധിക്കണം. അതാകട്ടെ, പറഞ്ഞത് മൂന്നാമത്തെ കാര്യമായാണ്. ബാക്കി ഏഴു കാര്യങ്ങളും ഭൗതികജീവിത പുരോഗതിക്ക് ആധാരമായവയാണ്. പ്രഥമ പരിഗണന നല്‍കിയതാകട്ടെ വിദ്യാഭ്യാസത്തിനും. അഥവാ, അറിവു സമ്പാദനത്തിനും. മറ്റ് മേഖലകളില്‍ ഈ അറിവിന്റെ പ്രയോഗം അര്‍ത്ഥപൂര്‍ണമായി നടത്തുമ്പോഴാണ് സാമൂഹ്യജീവിതം ഉയരങ്ങളിലേക്കു കൊണ്ടുപോകാന്‍ കഴിയുക എന്ന അത്യന്തം ശാസ്ത്രീയമായ ഉള്‍ക്കാഴ്ച ഒരു നൂറ്റാണ്ടിനു മുമ്പുതന്നെ ഗുരുവിന്റെ വചനങ്ങളിലൂടെ നാം അറിഞ്ഞു എന്നത് അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വത്തിനു കൂടി തെളിവാണ്.

പഴയ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ രാജ്യത്തിന്റെ ആധുനിക നിയമവ്യവസ്ഥയാക്കി പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ നടക്കുകയാണിന്ന് എന്നതു നിങ്ങള്‍ക്കറിയാമല്ലോ. രാഷ്ട്രീയവും അധികാരവും ഒരുപോലെ സംഘടിതമായി പ്രവര്‍ത്തിക്കുകയാണ് ഈ ലക്ഷ്യത്തോടെ. ആ ശ്രമങ്ങള്‍ വിജയിച്ചുകൂട. അതിനെതിരായ പോരാട്ടങ്ങള്‍ക്ക് ജാതി-മത ഭേദങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ എല്ലാ എതിര്‍പ്പുകളെയും ചെറുത്തുകൊണ്ടു നീക്കിവെക്കുകയും പൊരുതുകയും ചെയ്ത ഗുരുവിന്റെ ജീവിതസന്ദേശം ഉള്‍ക്കൊള്ളുന്ന ഓരോ വ്യക്തിക്കും ചുമതലയുണ്ട്.

ഒരു മതത്തിന്റെ രാഷ്ട്രം എന്ന സങ്കല്പം ‘പലമതസാരവുമേകം’ എന്നു പഠിപ്പിച്ച ഗുരുവിന്റെ വചനങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും. പൊരുത്തപ്പെടില്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സങ്കോചം വരുന്നെങ്കില്‍ അത് ഒരു പ്രത്യേക മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രം വേണം എന്നു വാദിക്കുന്നതിനൊപ്പമുള്ള ഗുരുനിന്ദ തന്നെയാവും. ഒരു ഗുരു ഭക്തനും ആ വഴിക്കു പോവില്ല എന്നുറപ്പുണ്ട്.

വിവിധ ജാതി-മത വിഭാഗങ്ങളുടെ വിഘടിച്ചുനിന്നുള്ള ഏകീകരണം ജനാധിപത്യ-മതേതര സങ്കല്പങ്ങളെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ – മതേതര രാഷ്ട്രഘടന നിലനില്‍ക്കാന്‍ ഗുരുസന്ദേശവും അതുമായി വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ടുപോവുന്ന പുരോഗമന ശക്തികളുടെ സന്ദേശവും സമന്വയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ഇങ്ങനെയുള്ള ഒരു സമന്വയമുണ്ടാവുന്നതിനെ ഭയക്കുന്ന ശക്തികള്‍ ഇവിടെയുണ്ട്. അതു സ്വത്വവാദാടിസ്ഥാനത്തില്‍ ജനസമൂഹത്തെ ഭിന്നിപ്പിക്കുകയും അങ്ങനെ അധികാരം നിലനിര്‍ത്താമെന്നു കരുതുകയും ചെയ്യുന്നവരാണ്.

ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ 93-ാമത് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ അതിരുകള്‍ക്കുള്ളില്‍ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങള്‍ക്കെതിരെ നാം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *