ക്ഷേത്രോത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സി.പി.എം വെളളറട ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. വെളളറട എസ്.ഐ അഭിജിത്തിനെ മർദിച്ച പരാതിയിൽ ലോക്കൽ സെക്രട്ടറി പ്രദീപ് ഉൾപ്പെടെ രണ്ടുപേർക്കെതിരെയാണ് വെളളറട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച രാത്രി 9 മണിയോടെ വെളളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്ര ജംഗ്ഷനിൽ എത്തിയപ്പോൾ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം റോഡിൽ നൃത്തം ചെയ്തത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
വാഹനങ്ങൾ തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട എസ്.ഐ അഭിജിത്ത്, സംഘത്തോടൊന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം എസ്.ഐയെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനത്തിന് ശേഷം പരിക്കേറ്റ ഉദ്യോഗസ്ഥനെ ചികിത്സ തേടാൻ പോലും അനുവദിക്കാതെ സംഘം തടഞ്ഞുവെച്ചതായും പരാതിയിൽ പറയുന്നു.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.










