ഭാരതത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ സുവർണ്ണ അധ്യായമായ മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷിക വേളയിൽ, വിവേചനരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനായി ഒത്തൊരുമിച്ച് പോരാടുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അയിത്തോച്ചാടനത്തിനായും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായും ഈ രണ്ട് മഹദ്വ്യക്തിത്വങ്ങൾ ഉയർത്തിയ ആദർശങ്ങൾ ഇന്നും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നൂറ് വർഷങ്ങൾക്ക് മുമ്പ് ശിവഗിരിയിൽ വെച്ച് നടന്ന ആ ചരിത്രപരമായ സംഗമം കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ആത്മീയ ഉണർവും സാമൂഹിക പരിഷ്കരണവും ഒന്നിച്ച വേളയായിരുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അക്കാലത്ത് രാജ്യത്തെ പിടിച്ചുലച്ചിരുന്ന ജാതി വിവേചനമെന്ന വിപത്തിനെതിരെ അവർ പടുത്തുയർത്തിയ പ്രതിരോധം ചരിത്രത്തെ തന്നെ മാറ്റിമറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയും ഗുരുവും നടത്തിയ ചർച്ചകൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് പുതിയൊരു ദിശാബോധം നൽകിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. വിവേചനങ്ങൾ കൊണ്ട് ഭിന്നിക്കപ്പെട്ട ഒരു ജനതയെ സഹാനുഭൂതിയിലൂടെയും നീതിയിലൂടെയും ഐക്യപ്പെടുത്താനാണ് അവർ ശ്രമിച്ചത്. വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടും തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകാതെ ധീരമായി പോരാടിയ അവരുടെ പാരമ്പര്യം വരുംതലമുറകൾക്ക് വലിയ മാതൃകയാണ്.
ഒരു നൂറ്റാണ്ടിന് ശേഷവും ജാതിവിവേചനത്തിന്റെയും അസമത്വത്തിന്റെയും വെല്ലുവിളികൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമായ കാര്യമാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഗുരുവും മഹാത്മാവും സ്വപ്നം കണ്ടതുപോലെ എല്ലാവരെയും ഉൾക്കൊള്ളുന്നതും മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു നവഭാരതം സൃഷ്ടിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ചരിത്ര മുഹൂർത്തത്തിൽ അവരുടെ പോരാട്ട വീര്യം ഉൾക്കൊണ്ട് നീതിപൂർവ്വമായ ഒരു സമൂഹത്തിനായി നമുക്ക് പുനരർപ്പണം ചെയ്യാമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ്, വിവിധ സാമുദായിക പ്രതിനിധികൾ, ശിവഗിരി മഠം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.










