ഇതര സംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളികളാണ് അത് ചെയ്തത് എന്നതിന്റെ നാണക്കേടുണ്ട്. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുന്നതിനൊപ്പം തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. മധുവിനെ കൊലപ്പെടുത്തിയതിന്റെ സമീപത്താണ് പുതിയ സംഭവവും ഉണ്ടായത്. ആള്‍ക്കൂട്ടങ്ങള്‍ തീരുമാനം എടുക്കുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നും പ്രതിപക്ഷ നേതാവ് കളമശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സിപിമ്മിന് തെരെഞ്ഞടുപ്പ് തോറ്റതിന്റെ അസഹിഷ്ണുത
പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി വര്‍ഷങ്ങള്‍ക്കു ശേഷം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ അസഹിഷ്ണുതയാണ് സിപിഎം കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വ്യാപകമായ അതിക്രമമാണ് സിപിഎം പെരിന്തല്‍മണ്ണയില്‍ നടത്തുന്നത്. ലീഗ് ഓഫീസ് ആക്രമിച്ചു.
പാനൂരിലും പയ്യന്നൂരിലും സിപിഎം ആക്രമണം നടത്തുകയാണ്. ഇവരുടെ ഗ്രാമങ്ങളില്‍ നോമിനേഷന് നല്കിയാല് അവിടെയും ആക്രമണം. ജനാധിപത്യ വിരുദ്ധമായി തരംതാണ രീതിയിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കയ്യൂക്കൂള്ള സ്ഥലങ്ങളിലെല്ലാം അവര്‍ അധികാരവും പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിക്കുകയാണ്.
മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാളുടെ കൈ അറ്റുപോയിട്ട് ക്രിസ്മസിന് പടക്കം ഉണ്ടാക്കിയതാണെന്നാണ് പറയുന്നത്. പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബോംബ് നിര്‍മ്മാണത്തിന് കൂട്ടു നില്‍ക്കുകയാണ്. എല്ലായിടത്തും അടിക്കാനുള്ള സന്ദേശമാണ് മുഖ്യമന്ത്രി സിപിഎം ക്രിമിനലുകള്‍ക്ക് നല്‍കുന്നത്. ജനവിധിക്കെതിരെയാണ് സിപിഎം അക്രമം നടത്തുന്നത്.
ആരെയാണ് നിങ്ങള്‍ ഭയപ്പെടുത്താന്‍ നോക്കുന്നത്. നിങ്ങളുടെ അക്രമം കണ്ട് ഞങ്ങള്‍ പേടിച്ചോടി വീട്ടില്‍ പോയിരിക്കുമെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട. ജനങ്ങള്‍ ശക്തമായ താക്കീത് നല്കാന് കാത്തിരിക്കുന്നുണ്ടെന്നത് മറക്കേണ്ട. തോല്‍വി ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. അസഹിഷ്ണുതയാണ്. ഇത് ഇടതുപക്ഷമൊന്നുമല്ല തീവ്രവലതുപക്ഷമാണ്. പാരഡി ഗാനത്തിന് കേസെടുത്ത് തിരിച്ചോടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.









