വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ നിന്നും തന്നെ ജനവിധി തേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടിയും മണ്ഡലത്തിലെ ജനങ്ങളും താൻ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്.
കെപിസിസി അധ്യക്ഷൻ എന്ന നിലയിലുള്ള തിരക്കുകൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് സമയത്ത് പാർട്ടിയുടെ ദൈനംദിന ചുമതലകൾ താൽക്കാലികമായി മറ്റൊരു നേതാവിന് കൈമാറും. മുൻപ് കെപിസിസി പ്രസിഡന്റായിരിക്കെ കെ. സുധാകരൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സ്ഥാനത്തിരുന്ന് മത്സരിക്കുന്നതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയത്തിനായുള്ള സ്ക്രീനിംഗ് കമ്മിറ്റി ഈ മാസം 13-ന് ചേരുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരങ്ങൾ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും യുഡിഎഫിന് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കണ്ണൂരിൽ കെ. സുധാകരനും കാസർകോട് രാജ്മോഹൻ ഉണ്ണിത്താനും തിരുവനന്തപുരത്ത് കെ. മുരളീധരനുമായിരിക്കും തിരഞ്ഞെടുപ്പ് ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ തിരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും തരൂരിന്റെ മടങ്ങിവരവ് ജനങ്ങൾ വിലയിരുത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.









