Home / Politics / കഴിഞ്ഞ ഒരു ദശകമായിരുന്നു കേരളത്തിന്റെ ഇരുണ്ട കാലമെന്ന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെളിയിക്കുമെന്ന് വി ഡി സതീശൻ

കഴിഞ്ഞ ഒരു ദശകമായിരുന്നു കേരളത്തിന്റെ ഇരുണ്ട കാലമെന്ന് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെളിയിക്കുമെന്ന് വി ഡി സതീശൻ

ചിക്തിത്സാ പിഴവ് സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് ഇതിനോടകം തേടിയ റിപ്പോർട്ടുകൾ തന്നെ വലിയ വോള്യങ്ങളുണ്ടാകുമെന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിനയുടെ വിഷയം നിയമസഭയില്‍ മന്ത്രിയോട് പറഞ്ഞതാണ്. അവര്‍ക്ക് ഒരു സഹായവും നല്‍കിയില്ല. ഹര്‍ഷിനയുടെ ചികിത്സാ ചെലവ് പ്രതിപക്ഷമാണ് വഹിക്കുന്നത്. ആശുപത്രിയുടെ അനാസ്ഥയെ തുടര്‍ന്ന് പാലക്കാട് വിനോദിനിയെന്ന കുട്ടിക്ക് കൈ നഷ്ടപ്പെട്ടു. പകരം കൈ നല്‍കാനുള്ള മനസാക്ഷി പോലും കാട്ടാത്ത ക്രൂരന്മാരുടെ സര്‍ക്കാരാണിതെന്നും ‘പുതുയുഗ യാത്ര’യുടെ ഭാഗമായി ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ പല മെഡിക്കല്‍ കോളജുകളില്‍ നിന്നും രോഗികളെ താലൂക്ക്- ജില്ലാ ആശുപത്രികളിലേക്ക് റിവേഴ്‌സ് റഫറന്‍സ് നടത്തുകയാണ്. യു.ഡി.എഫ് കൊണ്ടുവന്ന പാലക്കാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളെ അനിശ്ചിതത്വത്തിലാക്കി. എന്നിട്ടും എന്ത് നേട്ടമുണ്ടാക്കിയെന്നാണ് പറയുന്നത്? സിസ്റ്റത്തിനാണ് കുഴപ്പം. അത് പരിഹരിക്കാന്‍ ഒരു നടപടിയുമില്ല. എല്ലാം ഒറ്റപ്പെട്ട സംഭവമെന്നാണ് പറയുന്നത്. ഡോക്ടര്‍മാരുടെ സമരം കൂടി താങ്ങാനുള്ള ശേഷി ആരോഗ്യരംഗത്തിനില്ല. ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

കേരളത്തിന്റെ ഭരണ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലം കഴിഞ്ഞ പത്ത് വര്‍ഷമാണെന്നും സതീശൻ പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തിട്ടാണ് ഇവര്‍ പോകുന്നത്. പോകുന്ന പോക്കില്‍ ജനങ്ങളുടെ നികുതി പണമെടുത്താണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. ഖജനാവിലെ കോടികള്‍ ചെലവഴിച്ച് കേരളം മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. നവകേരള സര്‍വെയിലൂടെ ഡി.വൈ.എഫ്.ഐക്കാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ച് പ്രചരണം നടത്താനാണ് ശ്രമിച്ചത്. അത് കോടതി അവസാനിപ്പിച്ചു.

ശബരിമല തന്ത്രിക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവ് വളരെ പ്രധാനമാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണെന്നും വ്യക്തമായി പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത എസ്.ഐ.ടിക്ക് ഉണ്ടെന്നും അറസ്റ്റ് നടന്നപ്പോള്‍ പ്രതിപക്ഷം പറഞ്ഞതാണ്. മന്ത്രിയെ അറസ്റ്റു ചെയ്താലും തന്ത്രിയെ അറസ്റ്റു ചെയ്താലും അതില്‍ എന്താണ് കാരണമെന്ന് പറയണമെന്ന് ജനുവരി 11-ന് പ്രതിപക്ഷം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോടതിയും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

ഒരു തെളിവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാളെ 41 ദിവസം ജയിലില്‍ ഇട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം. സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണം ശക്തമായപ്പോള്‍ അതില്‍ നിന്നും വഴിതിരിച്ച് വിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന ആരോപണമുണ്ട്. തെളിവിന്റെ ഒരു അംശം പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ഹൈക്കോടതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *