Home / Politics / അറുപതുകളിലെ രാഷ്ട്രീയ സാഹചര്യം അല്ല ഇന്ന്; മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്ന് രമേശ് ചെന്നിത്തല

അറുപതുകളിലെ രാഷ്ട്രീയ സാഹചര്യം അല്ല ഇന്ന്; മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്ന് രമേശ് ചെന്നിത്തല

മലബാറിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകുന്നതിനെതിരെ പഴയകാല കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദൻ നായർ സ്വീകരിച്ച നിലപാടിനെ രമേശ് ചെന്നിത്തല പിന്തുണച്ചിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിനെതിരെ ചെന്നിത്തല രംഗത്ത്.

റിപ്പോർട്ടർ ടിവിയിലെ ‘നേരോ നേതാവേ’ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ തള്ളിയത്. സി കെ ഗോവിന്ദൻ നായരുടെ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അറുപതുകളിലെ രാഷ്ട്രീയ സാഹചര്യവും ഇന്നത്തെ സാഹചര്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അറുപതുകളിൽ കെപിസിസി പ്രസിഡന്റായിരുന്ന സി കെ ഗോവിന്ദൻ നായർ എടുത്ത നിലപാടുകൾ അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ പറയുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ അക്കാലത്തെ രാഷ്ട്രീയവും 2025-ലെ രാഷ്ട്രീയവും ഒന്നാണെന്ന് കരുതാൻ മാത്രം വിവരമില്ലാത്തയാളല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പരിഹസിച്ചു. ചരിത്രം പറയുന്ന മുഖ്യമന്ത്രി സ്വന്തം രാഷ്ട്രീയ ഭൂതകാലം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആർഎസ്എസിന്റെയും ബിജെപിയുടെയും വോട്ട് വാങ്ങി കൂത്തുപറമ്പിൽ അയ്യായിരം വോട്ടിന് വിജയിച്ച ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. 1978-ൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ രൂപീകരിച്ച ജനതാപാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പിണറായി വിജയന് വേണ്ടി എൽ കെ അദ്വാനി ഉൾപ്പെടെയുള്ളവർ വോട്ട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദുമ തെരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് നേരിട്ട് ചെന്ന് കെ ജി മാരാർക്ക് വേണ്ടി വോട്ട് പിടിച്ച ചരിത്രം മുഖ്യമന്ത്രി മറക്കരുത്. ബിജെപിയുമായും ആർഎസ്എസുമായും കൂട്ടുകെട്ടുണ്ടാക്കി വിജയിച്ച പാരമ്പര്യം ഇടതുപക്ഷത്തിനാണെന്നും എന്നാൽ തങ്ങൾ ഒരിക്കലും അത്തരം വോട്ട് കച്ചവടത്തിന് നിന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ക്രമസമാധാന നിലയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കും ചെന്നിത്തല മറുപടി നൽകി. മാറാട് കലാപത്തെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തോ താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തോ ഇവിടെ ഏതെങ്കിലും തരത്തിലുള്ള കലാപങ്ങൾ നടന്നോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. നിലവിൽ കേരളത്തിൽ ദിനംപ്രതിയെന്നോണം കൊലപാതകങ്ങളും അക്രമങ്ങളും ക്രമസമാധാന തകർച്ചയുമാണ് സംഭവിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *