Home / Politics / സംഘപരിവാർ ശക്തികൾ കേരളത്തിൽ തല പൊക്കുന്നുവെന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംഘപരിവാർ ശക്തികൾ കേരളത്തിൽ തല പൊക്കുന്നുവെന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ക്രിസ്മസിന് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിയവരാണ് ഇപ്പോള്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെയാകെ അസ്വസ്ഥരാക്കുകയാണ്. മധ്യപ്രദേശ്, യുപി, കര്‍ണാടക, ഹരിയാന, ഒഡിഷ, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നതിന്‍റെ വാര്‍ത്ത വന്നു. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമണങ്ങള്‍ക്കും പിന്നിലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി റദ്ദാക്കി. അന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജډദിനം ആഘോഷിക്കാനാണ് നിര്‍ദ്ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതില്‍ നിന്നൊക്കെ കേരളം വിട്ടു നില്‍ക്കും എന്നാണ് നമ്മുടെ ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായിരിക്കുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളിലെ ക്രിസ്മസ്പുതുവത്സരാഘോഷ പരിപാടിയില്‍ ഗണഗീതം പാടണമെന്ന് ബി എം എസ് യൂണിയന്‍റെ ആവശ്യം ഉയര്‍ന്നു. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ പോസ്റ്റ് ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചുവത്രെ.

പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ അക്രമം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായികരിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തു വന്നത്. കരോള്‍ സംഘങ്ങളെ അപമാനിക്കുന്നരീതിയില്‍, അവര്‍ പൊതുവായി മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാത്ത രീതിയിലാണ് കരോള്‍ നടന്നതെന്നുമുള്ള ന്യായീകരണങ്ങളാണ് ചില മുതിര്‍ന്ന നേതാക്കള്‍ നിരത്തിയത്. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.

ചില സ്വകാര്യ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനകളില്‍ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചില സ്കൂളുകള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ തടയുന്നവര്‍ക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്കൂളുകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും എന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഇത്തരം ശക്തികള്‍ തലപൊക്കുന്നു എന്നത് ഗൗരവമായി കാണുന്നു. ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്‍റെ ബഹുസ്വരതയോടും സഹവര്‍ത്തിത്വത്തോടും വിപ്രതിപത്തി വച്ചു പുലര്‍ത്തുന്ന കൂട്ടരാണ് സംഘപരിവാർ.

2025 ഏപ്രില്‍ 4 ന് ആര്‍എസ്എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തിനെ പരാമര്‍ശിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെട്ടതും ആര്‍എസ്എസിന്‍റെ ഉള്ളിലിരിപ്പ് കാട്ടിത്തന്ന സംഭവമായിരുന്നു. അപരമത വിദ്വേഷം പടര്‍ത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളെ നമ്മുടെ നാട് ഒരു തരത്തിലും അംഗീകരിക്കില്ല എന്ന ആവര്‍ത്തിച്ചു പറയേണ്ട സന്ദര്‍ഭം കൂടിയാണ് ഈ ക്രിസ്മസ് പുതുവത്സര വേള.

ഇതിനോട് ചേര്‍ത്തു പറയേണ്ട മറ്റൊന്നാണ് വാളയാറിലെ കൊലപാതകം. ആ ഹീന സംഭവത്തിനു പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് കഴിഞ്ഞു. അവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തും. അതിന് എന്തൊക്കെ നിയമപരമായ മുന്‍കരുതല്‍ സ്വീകരിക്കണമോ അതെല്ലാം സര്‍ക്കാര്‍ സ്വീകരിക്കും.

അപരവിദ്വേഷത്തിന്‍റെ ആശയങ്ങളില്‍ പ്രചോദിതരായ ഒരു സംഘം ആളുകള്‍ ആണ് പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ ബാഗേലിനെ കൊലപ്പെടുത്തിയത്. പ്രതികളില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലവും വര്‍ഗ്ഗീയ മനസ്ഥിതിയും ഉള്ളവരാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തി വിജിയിപ്പിച്ച ആള്‍ക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ച് നടാന്‍ ശ്രമിക്കുകയാണ്.

കേരളം അതിനു പറ്റുന്ന മണ്ണല്ല എന്ന് തെളിയിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. ബംഗ്ളാദേശി കുടിയേറ്റക്കാരന്‍ എന്ന് കൊല്ലപ്പെട്ട ചെറുപ്പക്കാരനെ ചാപ്പകുത്തുകയും ചെയ്തു. ആരെയും കടന്നാക്രമിക്കാന്‍ ഇത്തരം ചാപ്പകുത്തലുകള്‍ ആയുധമാക്കുന്നത് നാം ഉത്തരേന്ത്യയിലാണ് മുന്‍പ് കണ്ടിട്ടുള്ളത്. അത് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത് സംഘപരിവാറിന്‍റെ സ്വപ്നമാകാമെന്നും അദ്ദേഹം പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *