Home / Politics / ‘സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല, സാങ്കേതികത്വം പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു,’ അജയ് തറയിൽ

‘സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല, സാങ്കേതികത്വം പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു,’ അജയ് തറയിൽ

ശബരിമല കൊടിമരം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ തനിക്ക് ഭയമില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ രംഗത്ത്. കൊടിമര പുനർനിർമ്മാണത്തിൽ സ്വർണത്തിന്റെ കണക്കിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് പ്രശ്നമുണ്ടാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്നും ഇതിന്റെ കൃത്യമായ കണക്കുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഫീനിക്സ് ഗ്രൂപ്പിന്റെ സ്പോൺസർഷിപ്പിലൂടെ ലഭിച്ച 9.161 കിലോ സ്വർണമാണ് കൊടിമരത്തിനായി ഉപയോഗിച്ചത്. പമ്പയിൽ വെച്ചാണ് സ്വർണം പൂശുന്ന പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകിയ കണക്കുകളാണ് ഇവയെന്നും അജയ് തറയിൽ വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ ജാഥ എറണാകുളത്ത് എത്തുമ്പോൾ തന്നെ ചോദ്യം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഒരു സിപിഎം നേതാവ് തനിക്ക് വിവരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജാഥ തുടങ്ങിയ ദിവസം തന്നെ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമാണെന്നും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണം നൽകിയ ഭക്തരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന വിജിലൻസ് കണ്ടെത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞു. 412 ഗ്രാമിൽ കൂടുതൽ സ്വർണം നൽകിയ ഏതെങ്കിലും ഭക്തനുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, രസീത് നൽകുക എന്നത് ബോർഡ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ ജോലിയല്ലെന്നും കൂട്ടിച്ചേർത്തു. കേസിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാമെന്നും എന്നാൽ അറസ്റ്റിനെ താൻ ഭയപ്പെടുന്നില്ലെന്നും അജയ് തറയിൽ വ്യക്തമാക്കി.

കൊടിമരം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നുവെന്ന് ദേവസ്വം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ഡയറക്ടറോട് അന്വേഷണം നടത്തി 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് മുൻ ബോർഡ് അംഗത്തിന്റെ വിശദീകരണം പുറത്തുവരുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *