Home / Politics / ‘യുഡിഎഫിനെ വിമർശിക്കുന്നവർ നാലര പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്നവര്‍,’ വി ഡി സതീശൻ

‘യുഡിഎഫിനെ വിമർശിക്കുന്നവർ നാലര പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്നവര്‍,’ വി ഡി സതീശൻ

സര്‍ക്കാരിനെതിരെ യുഡിഎഫ് ഇറക്കിയ കുറ്റപത്രം ജനങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സജീവ ചര്‍ച്ചയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഫങ്ഷനിംഗ് അല്ലെന്നും അല്ലായിരുന്നുവെങ്കിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സമയം അതിക്രമിച്ചുവെന്നും സതീശൻ ആരോപിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ടി ഹൈക്കോടതി രൂപീകരിച്ചതാണെങ്കിലും സംസ്ഥാന പൊലീസിലുള്ളവരാണ് അതിലെ അംഗങ്ങള്‍. അവര്‍ക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ അതിശക്തമായ വികാരമുണ്ട്. കൊല്ലം കൊട്ടിയത്ത് ദേശീയപാത വീണ്ടും തകര്‍ന്നു വീണു. സംസ്ഥാനത്ത് വ്യാപകമായി നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയ പാത തകര്‍ന്ന് വീഴുകയാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.

റീല്‍സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ? മനുഷ്യന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇന്നലെ 36 കുട്ടികളുടെ ജീവന്‍ ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. അതുവഴി സഞ്ചരിക്കുന്ന എല്ലാവരുടെയും ജീവന്‍ അപകടത്തിലാണ്. അഴിമതിയുടെ നിര്‍മ്മിതികളാണ് ദേശീയപാതയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മ്മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നിരിക്കുയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ബിജെപിയുമായി പിണറായി വിജയനുള്ള ബന്ധത്തിന്റെ പാലമാണ്. ഇപ്പോള്‍ പുതുതായി ഉണ്ടായ ജോണ്‍ ബ്രിട്ടാസ് പാലത്തിനും മുന്‍പെ പിണറായി വിജയന്‍ ഉണ്ടാക്കി വച്ച പാലമാണ് നിതിന്‍ ഗഡ്ക്കരിയെന്ന മന്ത്രി.

മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്‍. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ പിണറായി വിജയന്‍ ഒപ്പിടും.

സിപിഎം ജമാഅത്ത് ഇസ്ലാമി ബന്ധം

യുഡിഎഫ് ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടിയെന്നും സിപിഎമ്മിന് ഒരു കാലത്തും അവരുമായി ബന്ധം ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. 1977 മുതലാണ് ജമാ അത്ത് ഇസ്ലാമി ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സിപിഎമ്മിനായിരുന്നു. പിന്നീട് 2019 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും 42 വര്‍ഷവും അവര്‍ സിപിഎമ്മിന് ഒപ്പമായിരുന്നു. എന്നിട്ടാണ് ഞങ്ങള്‍ക്ക് ഒരു കാലത്തും ബന്ധം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.

1996 ഏപ്രില്‍ 22-ന് ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ ശ്രദ്ധേയമായ പിന്തുണയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ജമാ അത്ത് ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമി ആസ്ഥാനത്ത് പിണറായി വിജയനും സിപിഎം നേതാക്കളും എത്രയോ തവണയാണ് സന്ദര്‍ശനം നടത്തിയത്. ജമാ അത്ത് ഇസ്ലാമിയുമായി നടത്തിയ രഹസ്യ ചര്‍ച്ചയല്ലെന്ന് പിണറായി പറഞ്ഞ വാര്‍ത്തയും പൊതുജനമധ്യത്തിലുണ്ട്. ജമാ അത്ത് ഇസ്ലാമിയുമായി പല കാര്യങ്ങളിലും സിപിഎമ്മിന് യോജിപ്പാണെന്ന് തോമസ് ഐസക്കും പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിന് സാമ്രാജ്യത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ജമാ അത്ത് ഇസ്ലാമി എല്‍ഡിഎഫിന് പിന്തുണ നല്‍കിയെന്ന വാര്‍ത്ത വന്നതും ദേശാഭിമാനിയിലാണ്. പാലക്കാട് തൊട്ടടുത്തുള്ള കോയമ്പത്തൂരില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി നന്ദി പറയാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫീസിലെത്തി. ഇതെല്ലാം കേരളം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. നാലര പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്നവര്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വിമര്‍ശിക്കുകയാണെന്നും’സതീശൻ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *