നിയമസഭാ തെരഞ്ഞെടുപ്പിന്റെ ‘സെമിഫൈനൽ’ എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം. 86 നഗരസഭകളിൽ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു.
ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു കോർപറേഷൻ ഭരണം പിടിച്ച് എൻഡിഎ കരുത്തുകാട്ടി. തിരുവനന്തപുരം കോർപറേഷനാണ് എൻഡിഎ പിടിച്ചെടുത്തത്. 50 വാർഡുകൾ നേടിയാണ് തലസ്ഥാന നഗരിയിൽ എൻഡിഎ അധികാരത്തിലേക്ക് എത്തുന്നത്.
യുഡിഎഫ് തരംഗം
കൊച്ചി, തൃശൂർ, കൊല്ലം കോർപറേഷനുകൾ യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലത്ത് അട്ടിമറി വിജയമാണ് യുഡിഎഫ് നേടിയത്. കണ്ണൂർ കോർപ്പറേഷനും യുഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ തവണ 5 കോർപറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. ഇവിടെയും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020ൽ കണ്ണൂർ മാത്രം ലഭിച്ച യുഡിഎഫിന് ഇക്കുറി കൊച്ചിയും തൃശൂരും വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി.
തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഎഫിനു സാധിച്ചു.86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിന് 28 എണ്ണമേ നേടാനായുള്ളൂ. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 143-ൽ 81 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. 63 എണ്ണം ഇടതു മുന്നണി നേടി.
നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഇടുക്കി രാജാക്കാട് പഞ്ചായത്തിൽ മുൻ മന്ത്രി എം.എം. മണിയുടെ കോട്ട പോലും യുഡിഎഫ് പിടിച്ചെടുത്തു.
ഗ്രാമപഞ്ചായത്തുകളിൽ 500 എണ്ണത്തിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതു മുന്നണി 342 നേടിയപ്പോൾ എൻഡിഎയ്ക്ക് സ്വന്തമായത് 25. എട്ടെണ്ണം മറ്റുള്ളവരും സ്വന്തമാക്കി.










