പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ രൂക്ഷമാകുന്നു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിലുള്ള മിസൈലാക്രമണം നടത്തി. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളാണ് ഇറാന്റെ ലക്ഷ്യം. ബഹ്റൈനിലെ അമേരിക്കൻ നാവിക ബേസിലും കുവൈറ്റിലെയും സൗദിയിലെയും താവളങ്ങളിലും ഇറാന്റെ മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖത്തറിലേക്ക് എത്തിയ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും വിവരമുണ്ട്.
ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കുവൈത്തിൽ അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അവശ്യസാധനങ്ങൾ കരുതണമെന്നും ജനലുകളില്ലാത്ത സുരക്ഷിതമായ മുറികളിലേക്ക് മാറണമെന്നും ബഹ്റൈൻ ഭരണകൂടം പൗരന്മാരോട് നിർദ്ദേശിച്ചു. ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച ബഹ്റൈൻ, ഇതിന് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി.
ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നത് ഇന്ത്യയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ നീക്കങ്ങൾക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ (Operation Roaring Lion) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടി ഇറാന്റെ നിലവിലെ ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ളതാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.
ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി സ്വന്തം ഭാവി കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അമേരിക്കയുടെ ബി-2 ബോംബറുകളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കുചേരുന്നതായും നെതന്യാഹു സ്ഥിരീകരിച്ചു. ഇറാനെ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഈ പോരാട്ടം മാനവരാശിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










