വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെത്തുടർന്ന് അഞ്ച് വർഷത്തോളം വയറ്റിൽ കത്രികയുമായി കഴിയേണ്ടി വന്ന ഉഷാ ജോസഫ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ മത്സരിക്കുന്ന അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിക്കൊണ്ടാണ് ഉഷ തന്റെ പ്രതിഷേധവും പിന്തുണയും അറിയിച്ചത്.
ആലപ്പുഴ പുന്നപ്രയിലുള്ള ഉഷയുടെ വീട്ടിലെത്തിയാണ് അബിൻ വർക്കി തുക സ്വീകരിച്ചത്. ചികിത്സാ പിഴവ് വിവാദമായ സമയത്ത് ആരോഗ്യ വകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന കടുത്ത ആക്ഷേപം ഉഷാ ജോസഫ് ഉയർത്തിയിരുന്നു. വർഷങ്ങളോളം താൻ അനുഭവിച്ച വേദനയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും, ഇതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ സഹായിക്കുന്നതെന്നും ഉഷ വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ ‘സിസ്റ്റം തകരാറിന്റെ’ ഇരയാണ് ഉഷയെന്നും, നീതി നിഷേധിക്കപ്പെട്ട ഒരു കുടുംബം നൽകുന്ന ഈ പിന്തുണ തനിക്ക് വലിയ ഊർജ്ജമാണെന്നും അബിൻ വർക്കി പ്രതികരിച്ചു. 2021-ൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. അടുത്തിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ആറന്മുള മണ്ഡലത്തിൽ ആരോഗ്യ മന്ത്രിക്കെതിരെയുള്ള പ്രധാന പ്രചാരണ ആയുധമായി ഈ ചികിത്സാ പിഴവ് മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ ഉഷാ ജോസഫിന്റെ പരസ്യ പിന്തുണ കൂടി ലഭിച്ചത് മണ്ഡലത്തിലെ രാഷ്ട്രീയ ചർച്ചകളെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.










