യു ഡി എഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാലന്റേത് തീർത്തും വർഗീയമായ പ്രസ്താവനയാണെന്നും ഇത്തരം പരാമർശങ്ങൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നടന്ന വാർത്താസമ്മേളനത്തിലാണ് എ കെ ബാലൻ യു ഡിഎഫിനെതിരെ വിവാദ പരാമർശം നടത്തിയത്. യു ഡി എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും പഴയ മാറാട് കലാപങ്ങൾ ആവർത്തിക്കുമെന്നുമായിരുന്നു ബാലന്റെ ആരോപണം.
ഇതിനെതിരെയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എ കെ ബാലന്റെ പ്രസ്താവനയോട് സി പി ഐ യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. പാർട്ടിക്ക് തെറ്റായ വഴിയിൽ പോകുന്നവരെ പുറത്താക്കാൻ ധൈര്യമില്ലെന്നും പത്മകുമാറിനെ പോലുള്ളവർക്കെതിരെ നടപടിയെടുക്കാത്തത് ഇതിന് തെളിവാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുസ്‌ലിം ഭീതിയും ഇസ്‌ലാമോഫോബിയയും പടർത്തി വോട്ട് തട്ടാനാണ് സി പി എം ശ്രമിക്കുന്നതെന്നും ഇതിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ജമാഅത്തെ ഇസ്‌ലാമിയും ബാലന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർഗീയ കാർഡിറക്കി നേട്ടമുണ്ടാക്കാനാണ് സി പി എം നീക്കമെന്ന് ജമാഅത്തെ ഇസ്‌ലാമി വക്താക്കൾ അറിയിച്ചു.










