ആരോഗ്യമന്ത്രിക്ക് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിച്ച് സി.പി.എം കേരളം മുഴുവന്‍ അക്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.എസ്.യു നേതാവിന്റെ വീടിന് ബോംബ് എറിഞ്ഞു. ഇല്ലാത്ത കേസുണ്ടാക്കി കെ.എസ്.യുക്കാരെ വധശ്രമത്തിന് ജയിലില്‍ അടച്ചു. പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതെന്ന് കേരളത്തിന് ബോധ്യമായി. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി നില്‍ക്കുകയാണെന്നും പുതുയുഗ യാത്രയുടെ ഭാഗമായി അടൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.
മന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിക്കുകയാണ്. സി.പി.എം നേതാക്കള്‍ സംസ്ഥാന വ്യാപകമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇല്ലാത്ത ആക്രമണത്തിന്റെ പേരില്‍ പുതുയുഗ യാത്രയുടെ പ്രചരണ സാമഗ്രികള്‍ പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും നശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്ക് ബോംബ് എറിയുകയാണ്. ഒരു മന്ത്രി നുണ പറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മുഴുവന്‍ അക്രമം നടക്കുകയാണ്. അതിന് പാര്‍ട്ടിയും കുട പിടിക്കുന്നു.
കെ.എസ്.യുക്കാര്‍ മന്ത്രിയുടെ പെടലിയും കയ്യും പിടിച്ച് തിരിച്ചെന്നാണ് എം.വി ഗോവിന്ദന് പറഞ്ഞത്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് വ്യാപകമായി കേരളത്തില്‍ അക്രമുണ്ടാക്കുകയാണ്. ഇതിനുള്ള തിരിച്ചടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കും. ആരോഗ്യ മേഖലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡാലോചനയാണ് ആക്രമണ കഥ. ആ കഥ ഇപ്പോള്‍ പൊളിഞ്ഞ് പാളീസായി ഏഴ് നിലയില്‍ പൊട്ടി. എന്നിട്ടും അതിന്റെ പേരില്‍ അക്രമം നടത്താന്‍ സി.പി.എം നേതാക്കള്‍ അണികളെ പ്രേരിപ്പിക്കുകയാണ്. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം.
വധശ്രമത്തിന് എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ആയുധം താഴെ വയ്ക്കാന്‍ സി.പി.എം തയാറാകണം. സി.പി.എം അതിക്രമത്തെ ശക്തമായി പ്രതിരോധിക്കും. എല്ലാം തട്ടിപ്പായിരുന്നെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. ആര്.പി.എഫ് റെയില്‍വെ സ്റ്റേഷനിലെ ക്യാമറ പരിശോധിച്ചപ്പോഴും ഒരു അക്രമവും നടന്നിട്ടില്ലെന്നു വ്യക്തമായി. കരിങ്കൊടി കാട്ടിയവര്‍ അടുത്ത് വന്നെന്ന പ്രചരണവും പൊളിഞ്ഞു പോയി. മന്ത്രിയുടെ ഗണ്‍മാനാണ് മന്ത്രിയുടെ അടുത്തുണ്ടായിരുന്നതെന്നും വ്യക്തമായി. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് ഇല്ലാതിരുന്ന കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് അഭിനയിച്ച് കാണിച്ചതാണെന്ന് കേരളത്തിന് ബോധ്യമായി.
ആശുപത്രിയില്‍ കിടക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും ഓപ്പറേഷന് വേണ്ടെന്ന വാര്‍ത്ത വരുത്തുകയാണ്. കത്രികയുടെ പേടിയുള്ളതു കൊണ്ട് ഓപ്പറേഷന് ഇല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ആരോഗ്യമന്ത്രിക്ക് സമാധാനമായിക്കാണും. മെഡിക്കല്‍ ബുള്ളറ്റിനില്‍ എവിടെയാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയെന്ന് പറയുന്നത്? ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം എല്ലാവരും കേട്ടതാണ്. ഇതാണോ കേരളത്തിലെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമെന്ന് വി ഡി സതീശൻ ചോദിച്ചു.










