വിശ്വാസ്യതയും സ്വാധീനവുമുള്ള നേതാവെന്ന നിലയിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രവചനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ പിണറായി വിജയന് പകരക്കാരനായി മറ്റൊരു നേതാവിനെ കാണാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം.
പിണറായി വിജയന്റെ നേതൃത്വത്തെ പ്രശംസിച്ച വെള്ളാപ്പള്ളി, എതിരാളികൾ എത്രയൊക്കെ ശ്രമിച്ചാലും അദ്ദേഹത്തിന്റെ ജനപ്രീതി കുറയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. വികസന കാര്യങ്ങളിലും ഭരണനിർവഹണത്തിലും പിണറായി പുലർത്തുന്ന ജാഗ്രത ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിനും യു.ഡി.എഫിനുമെതിരെ രൂക്ഷമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. പ്രതിപക്ഷ നിരയിൽ ഐക്യമില്ലെന്നും ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം അവിടെ പ്രകടമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗ്രൂപ്പ് വഴക്കുകളും പരസ്പരമുള്ള പാരവെപ്പുകളും കാരണം ജനവിശ്വാസം നേടിയെടുക്കാൻ യു.ഡി.എഫിന് സാധിക്കുന്നില്ല. ശക്തനായ ഒരു നായകൻ ഇല്ലാത്തതാണ് പ്രതിപക്ഷത്തിന്റെ പരാജയമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും വെള്ളപ്പള്ളി ആവർത്തിച്ചു. താൻ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നിരന്തരം സർക്കാർ അനുകൂലവും മത സ്പർദ്ധ വളർത്തുന്നതുമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വെള്ളാപ്പള്ളി.










