Home / Politics / രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ: വാദം ആരംഭിച്ചു

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ: വാദം ആരംഭിച്ചു

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം ആരംഭിച്ചു. ഇന്നലെ കേസിൽ വിശദമായ വാദം നടന്നെങ്കിലും, കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതിനെ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷൻ പുതിയ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇന്നലെ ഒന്നര മണിക്കൂറോളം അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.

പരാതിക്കാരിയുടെ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. സിപിഎമ്മും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയാണിതെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രതിഭാഗം അവകാശപ്പെട്ടു. ഇത് സാധൂകരിക്കുന്ന തെളിവുകളും ഹാജരാക്കിയിരുന്നു. ഫോൺ സംഭാഷണങ്ങളും ചാറ്റുകളും റെക്കോർഡ് ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണെന്നും പരാതി നൽകാൻ യുവതിക്ക് മേൽ സമ്മർദ്ദമുണ്ടായെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ, ബലാത്സംഗത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനായി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടുമില്ല.

Tagged:

Leave a Reply

Your email address will not be published. Required fields are marked *