കേരള ചലച്ചിത്ര അക്കാദമിക്ക് കീഴിലുള്ള ഒരു ഔദ്യോഗിക പദവിയിലിരിക്കെ താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചും, അതിനുശേഷം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്കിനെക്കുറിച്ചും തുറന്നെഴുതി സംവിധായികയും അക്കാദമിക് ഡീനുമായ ഡോ. ആശ അച്ചി ജോസഫ്. ഐഎഫ്എഫ്കെ 2025 സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സണും പ്രമുഖ നിർമ്മാതാവുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയാണ് ആശ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
താൻ നേരിട്ടത് ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ സംഭവമല്ലെന്നും, മറിച്ച് അധികാരസ്ഥാനത്തിരിക്കുന്ന ഒരാൾ ബോധപൂർവ്വം നടത്തിയ അതിക്രമമാണെന്നും ആശ വ്യക്തമാക്കുന്നു. മുപ്പതുവർഷമായി ചലച്ചിത്ര-അക്കാദമിക് രംഗത്ത് സജീവമായ തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായെങ്കിൽ, സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് അവർ ചോദിക്കുന്നു.
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലെ ജൂറി അംഗമായി ചലച്ചിത്ര അക്കാദമി ഔദ്യോഗികമായി ക്ഷണിച്ചതിനെത്തുടർന്നാണ് ആശ എത്തിയത്. ഒരു സർക്കാർ സ്ഥാപനത്തിൽ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലാണ് ഇത്തരമൊരു അപമാനം നേരിടേണ്ടി വന്നത്. സംഭവത്തിന് ശേഷം നവംബർ 24-ന് തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും, തുടർന്ന് പോലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതായും ആശ പറയുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലോ നിയമനടപടികൾ സ്വീകരിക്കുന്നതിലോ പിന്നീട് വലിയ കാലതാമസം നേരിട്ടു.
പരാതി നൽകിയപ്പോൾ അക്കാദമി ഭാരവാഹികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. കുറ്റാരോപിതനെ മേളയിൽ നിന്ന് മാറ്റിനിർത്തുമെന്നും ‘സീറോ ടോളറൻസ്’ നയം പ്രഖ്യാപിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഡിസംബർ എട്ടാം തീയതിയായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ചലച്ചിത്ര മേളയും കഴിയുന്നത് വരെ തന്റെ ശബ്ദം പുറത്തുവരാതിരിക്കാനാണോ ഈ സാവകാശം കാണിച്ചതെന്ന് ആശ സംശയിക്കുന്നു.
“സമാധാനത്തിന് വേണ്ടി മിണ്ടാതിരിക്കൂ”, “പ്രശ്നങ്ങൾ വഷളാക്കണ്ട” എന്നിങ്ങനെയുള്ള ഉപദേശങ്ങൾ തനിക്ക് ലഭിച്ചു. എന്നാൽ അത്തരം നിശബ്ദത തന്റെ അന്തസ്സിന് മേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി മാത്രമേ കാണാൻ കഴിയൂ എന്ന് അവർ കുറിച്ചു. ഒരു അതിജീവിത എന്ന നിലയിൽ സഹതാപമല്ല, മറിച്ച് ഐക്യദാർഢ്യമാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങൾ (PoSH Act) നിലവിലുണ്ടായിട്ടും എന്തുകൊണ്ടാണ് തൊഴിലിടങ്ങളിൽ സ്ത്രീകൾ ഇന്നും സുരക്ഷിതരല്ലാത്തതെന്ന് ആശ ചോദിക്കുന്നു. കുറ്റാരോപിതർ അധികാര സ്ഥാനങ്ങളിൽ തുടരുകയും പരാതിപ്പെടുന്നവർ പിൻവാങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം മാറണം.
“ഞാൻ സംസാരിക്കുന്നത് ഇത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് എന്റെ നിശബ്ദത ഈ വ്യവസ്ഥിതിക്ക് നൽകുന്ന അംഗീകാരമായി മാറും എന്നതുകൊണ്ടാണ്. നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാനുള്ള ധൈര്യം നൽകാൻ എന്റെ ഈ തുറന്നുപറച്ചിൽ കാരണമാകുമെങ്കിൽ അത് തന്നെയാണ് എന്റെ ലക്ഷ്യം,” ഡോ. ആശ അച്ചി ജോസഫ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.
സിനിമ രംഗത്തെ ലിംഗവിവേചനത്തിനെതിരെ പൊരുതുന്ന വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിച്ച് ഒൻപത് വർഷം പിന്നിടുമ്പോഴും ഇത്തരമൊരു ദുരനുഭവം ഉണ്ടായത് മലയാള ചലച്ചിത്ര ലോകത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.










