Home / Politics / ഇടതുമുന്നണിയിൽ തന്നെ തുടരും; ആരും വെള്ളം കോരാൻ വരേണ്ടെന്ന് ജോസ് കെ. മാണി

ഇടതുമുന്നണിയിൽ തന്നെ തുടരും; ആരും വെള്ളം കോരാൻ വരേണ്ടെന്ന് ജോസ് കെ. മാണി

കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് ചെയർമാൻ ജോസ് കെ. മാണി. മുന്നണി വിടേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നും യുഡിഎഫിലേക്ക് മടങ്ങുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പാർട്ടി എൽഡിഎഫിന്റെ ഭാഗമായി ശക്തമായി മുന്നോട്ട് പോവുകയാണ്. മുന്നണി മാറ്റം സംബന്ധിച്ച് ഇപ്പോൾ പരക്കുന്ന അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ല. ഈ വിഷയത്തിൽ ആരും വെള്ളം കോരാൻ വരേണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കൾ ജോസ് കെ. മാണിയെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പി ജെ ജോസഫിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടമായെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് കണക്കുകൾ നിരത്തിയാണ് ജോസ് കെ. മാണി മറുപടി നൽകിയത്. “വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് വെറും രണ്ടിടത്ത് മാത്രമാണ്. സ്വന്തം തട്ടകത്തിൽ പോലും ജയിക്കാൻ കഴിയാത്തവരാണോ പാർട്ടിയുടെ പ്രസക്തിയെക്കുറിച്ച് പറയുന്നത്,” അദ്ദേഹം ചോദിച്ചു.

എൽഡിഎഫിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *