ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകളിൽ പോസ്റ്ററുകൾ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
‘തുടരണോ ഈ കോഴി മന്ത്രി?’ എന്നെഴുതിയ മന്ത്രിയുടെ തലയും കോഴിയുടെ ഉടലും ചേർത്തുവെച്ചുകൊണ്ടുള്ള പ്രകോപനപരമായ പോസ്റ്ററുകളാണ് പ്രവർത്തകർ കെഎസ്ആർടിസി ബസുകളിൽ പതിപ്പിച്ചത്. ബസുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരു പൊലീസുകാരനെ പ്രവർത്തകർ മർദിച്ചതായും ആക്ഷേപമുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കൊട്ടാരക്കര വാളകത്തെ വീട്ടിൽ മന്ത്രിയെ മറ്റൊരു സ്ത്രീയുമായി അത്യന്തം മോശമായ സാഹചര്യത്തിൽ കണ്ടെന്ന ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് പ്രതിഷേധം ആളിക്കത്തിയത്. മന്ത്രിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് ബിന്ദു മേനോൻ ആദ്യം ആരോപിച്ചിരുന്നത്. എന്നാൽ പിന്നീട് മന്ത്രി ക്ഷമാപണം നടത്തിയെന്നും ഇത് തങ്ങളുടെ കുടുംബപ്രശ്നമാണെന്നും പറഞ്ഞ് അവർ ആരോപണങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. എങ്കിലും ഒരു മന്ത്രിക്കുണ്ടാകേണ്ട ധാർമികത ഗണേഷ് കുമാർ ലംഘിച്ചുവെന്നും അദ്ദേഹം രാജി വെക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.
തിരുവനന്തപുരത്തിന് പുറമെ മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തും കൽപ്പറ്റയിലും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പത്തനാപുരത്ത് കെഎസ് യു പ്രവർത്തകർ ‘കാലൻകോഴി പത്തനാപുരത്തിന് വേണ്ട’ എന്നെഴുതിയ ബാനറുകൾ കെഎസ്ആർടിസി ബസുകളിൽ കെട്ടി പ്രതിഷേധിച്ചു.










