ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പൊലീസിന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രിയുടെ വീടിന് മുന്നിൽ ആവശ്യത്തിന് സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ കന്റോൺമെന്റ് എസിപിയോട് വിശദീകരണം തേടിയിട്ടുണ്ട്.
രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. ഇതു തടയാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.
പ്രതിഷേധം നടക്കുമ്പോൾ കേവലം മൂന്ന് പൊലീസുകാർ മാത്രമാണ് മന്ത്രിയുടെ വസതിക്ക് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചെത്തി വീടിന്റെ വാതിലിൽ റീത്ത് വെക്കുകയും നാടകീയമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധം തുടങ്ങി ഏകദേശം 15 മിനിറ്റുകൾക്ക് ശേഷമാണ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസുമായി ഉന്തും തള്ളും കയ്യേറ്റവുമുണ്ടായി. സംസ്ഥാനത്ത് ആരോഗ്യരംഗത്തെ വീഴ്ചകൾക്കെതിരെയും ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുമാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.










