ഇൻഡിഗോ വിമാന സർവീസുകൾ താളംതെറ്റി ആയിരക്കണക്കിന് യാത്രക്കാരെ ദിവസങ്ങളോളം വലച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). ഇൻഡിഗോയുടെ പ്രവർത്തനങ്ങളിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരെ (FOI) ഡിജിസിഎ പുറത്താക്കി.
ഇൻഡിഗോയുടെ സുരക്ഷാ ക്രമീകരണങ്ങളും പൈലറ്റുമാരുടെ പരിശീലനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ടവരായിരുന്നു ഇവർ. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും സർവീസുകൾ മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ഋഷി രാജ് ചാറ്റർജി, സീമ ജംനാനി, അനിൽ കുമാർ പൊക്രിയാൽ, പ്രിയം കൗശിക് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻഡിഗോയുടെ ആയിരക്കണക്കിന് വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. പൈലറ്റുമാരുടെ കുറവും പുതിയ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിലെ വീഴ്ചയുമാണ് പ്രതിസന്ധിക്ക് കാരണമായത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ ഡിജിസിഎ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അന്വേഷണം നടത്താൻ അന്താരാഷ്ട്ര വ്യോമയാന വിദഗ്ധനെ നിയോഗിച്ചതായി ഇൻഡിഗോ ബോർഡ് അറിയിച്ചു. പ്രശസ്ത ഏവിയേഷൻ വിദഗ്ധനായ ക്യാപ്റ്റൻ ജോൺ ഇൽസൺ നേതൃത്വം നൽകുന്ന ചീഫ് ഏവിയേഷൻ അഡ്വൈസേഴ്സ് എൽഎൽസി (Chief Aviation Advisors LLC) എന്ന ഏജൻസിക്കാണ് അന്വേഷണ ചുമതല.









