വിമാനയാത്രക്കാർക്ക് വലിയ ആശ്വാസം പകരുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇനി മുതൽ ഒരേ പിഎൻആർ (PNR) നമ്പറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വിമാനത്തിൽ അടുത്തടുത്ത സീറ്റുകൾ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. കുടുംബമായി യാത്ര ചെയ്യുന്നവർക്കും ഗ്രൂപ്പുകൾക്കും സീറ്റ് സെലക്ഷന്റെ പേരിൽ അധിക തുക നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.
അതുപോലെ, നിലവിൽ വെബ് ചെക്ക്-ഇൻ സമയത്തും മറ്റും ഇഷ്ടപ്പെട്ട സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് വിമാനക്കമ്പനികൾ വലിയ തുക ഈടാക്കുന്നുണ്ട്. ഇതിന് തടയിടാനായി ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും യാതൊരു അധിക നിരക്കുമില്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉത്തരവിട്ടു. നിലവിൽ ഇത് വെറും 20 ശതമാനം മാത്രമായിരുന്നു.
മറ്റ് പ്രധാന നിർദ്ദേശങ്ങളും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. സ്പോർട്സ് ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനും വളർത്തുമൃഗങ്ങളുമായുള്ള യാത്രയ്ക്കും വ്യക്തവും സുതാര്യവുമായ നയം കമ്പനികൾ രൂപീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്.
വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് എയർലൈൻ വെബ്സൈറ്റുകളിലും ആപ്പുകളിലും വിമാനത്താവളങ്ങളിലും പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ വ്യക്തമായ വിവരം നൽകണം. വിമാനത്താവളങ്ങളിൽ സൗജന്യ വൈഫൈ, കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ‘ഉഡാൻ യാത്രി കഫേകൾ’ തുടങ്ങിയവയും മന്ത്രാലയത്തിന്റെ മുൻഗണനാ പട്ടികയിലുണ്ട്.
ഇന്ത്യൻ വ്യോമയാന മേഖല ലോകത്തെ മൂന്നാമത്തെ വലിയ ആഭ്യന്തര വിപണിയായി വളരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യങ്ങൾക്കും അവകാശങ്ങൾക്കുമാണ് പ്രഥമ പരിഗണനയെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.










