Home / Politics / കൊച്ചിയിൽ സ്ഥാനാർത്ഥി തർക്കം തെരുവിലേക്ക്; ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ, തടഞ്ഞ് നേതൃത്വം

കൊച്ചിയിൽ സ്ഥാനാർത്ഥി തർക്കം തെരുവിലേക്ക്; ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ, തടഞ്ഞ് നേതൃത്വം

കോൺഗ്രസിൽ കൊച്ചി മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. കൊച്ചിയിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനായി അനുകൂലികൾ പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങിയതാണ് ഒടുവിലത്തെ സംഭവം. ‘സർവ്വം ദീപ്തം’ എന്ന ടാഗ്‌ലൈനോടെ കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ പോസ്റ്ററുകൾ അച്ചടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിവാദങ്ങൾ ഒഴിവാക്കാൻ പോസ്റ്റർ അച്ചടി നിർത്തിവയ്ക്കാൻ ദീപ്തി മേരി വർഗീസ് തന്നെ നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് തർക്കങ്ങൾ നിലനിൽക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവർത്തിച്ചു.

കൊച്ചി മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് വി.ഡി. സതീശൻ. എന്നാൽ, ദീപ്തി മേരി വർഗീസിന് സീറ്റ് നൽകണമെന്ന നിലപാടിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉറച്ചുനിൽക്കുന്നതാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണം. മുമ്പ് കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന ദീപ്തിക്ക് ഇത്തവണ സീറ്റ് നൽകിയേ മതിയാകൂ എന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ വാദം.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ സീറ്റുകളിലും സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി തുടരുകയാണ്. വിജയസാധ്യതയുള്ള ഈ സീറ്റുകൾക്കായി വിവിധ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ അരുവിക്കര സീറ്റിനായി മുൻ മന്ത്രി വി.എസ്. ശിവകുമാറും കെ.എസ്. ശബരീനാഥനും രംഗത്തുണ്ട്. തർക്കമുള്ള സീറ്റുകളിൽ ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *