വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (SIR) യുമായി ബന്ധപ്പെട്ട ജോലി ഭാരം മൂലം ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ (BLO) ജീവനൊടുക്കി. മൊറാദാബാദിലെ അസിസ്റ്റന്റ് അധ്യാപകനായ സർവേഷ് സിംഗ് (46) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് മൊബൈലിൽ ഇദ്ദേഹെമെടുത്ത വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
“എനിക്ക് ജീവിക്കണമെന്നുണ്ട്, പക്ഷേ ഞാനെന്ത് ചെയ്യും? കഴിഞ്ഞ 20 ദിവസമായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല,” എന്ന് കണ്ണീരോടെ പറയുന്ന സർവേഷിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താൻ കഠിനമായി പരിശ്രമിച്ചിട്ടും അധികൃതർ നൽകിയ ടാർഗെറ്റ് പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും, കുടുംബം തന്നോട് ക്ഷമിക്കണമെന്നും വീഡിയോയിൽ പറയുന്നു.
സർവേഷിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജോലിഭാരം താങ്ങാനാകാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് ജില്ലാ ബേസിക് എഡ്യൂക്കേഷൻ ഓഫീസർക്ക് എഴുതിയ കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. നാല് പെൺമക്കളടങ്ങുന്നതാണ് സർവേഷിന്റെ കുടുംബം.
വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.എൽ.ഒമാർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിൽ കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജ്ജ് ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബി.എൽ.ഒ മാർ സ്വയം ജീവനൊടുക്കിയിരുന്നു.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം, സർവേഷിന്റെ ജോലി തൃപ്തികരമായിരുന്നുവെന്നും എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് അന്വേഷിക്കുമെന്നും മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചു.










