രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്. രാഹുൽ ഈശ്വറിനെ തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.
പാലക്കാട് എംഎംഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ പിന്നാലെ രാഹുൽ ഈശ്വർ സൈബർ അധിക്ഷേപം തുടങ്ങുകയായിരുന്നു. അതിജീവിതയുടെ ഫോട്ടോ ലാപ്ടോപ്പിൽ കാണിച്ചാണ് അധിക്ഷേപം നടത്തിയത്. ഇന്ന് പോലീസ് തെളിവെടുപ്പിന് കൊണ്ട് പോകുന്നതിനിടെയും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന വീഡിയോകൾ തുടർന്നും ചെയ്യുമെന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറയുന്നുണ്ടായിരുന്നു.
എന്നാൽ തന്റെ അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം. അറസ്റ്റ് നിയമപരമായി നടത്തിയിട്ടില്ലെന്നും പിടികൂടി കൊണ്ട് വന്ന ശേഷം 40 മിനിറ്റ് കഴിഞ്ഞാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അത് കൈപ്പറ്റിയില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം.
രാഹുൽ ഈശ്വർ പരാതിക്കാരിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് വാദിച്ച പ്രോസിക്യൂഷൻ ജാമ്യ ഹർജിയെ ശക്തമായി എതിർത്തു. രാഹുൽ ഈശ്വറിനെതിരെ ഗുരുതര വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അതിജീവിതയുടെ ചിത്രങ്ങൾ ഉൾപ്പടെ ലാപ്ടോപ്പിൽ രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആണെന്നും പ്രതിക്കെതിരെ സമാന കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി. പിന്നീട് പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
കേസിലെ മറ്റ് പ്രതികളായ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്ത മറ്റുള്ളവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.










