Home / Uncategorized / ഇൻഡിഗോ പ്രതിസന്ധി; ഇന്ന് മാത്രം റദ്ദാക്കിയത് 500-ലധികം വിമാനങ്ങൾ

ഇൻഡിഗോ പ്രതിസന്ധി; ഇന്ന് മാത്രം റദ്ദാക്കിയത് 500-ലധികം വിമാനങ്ങൾ

പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ പരിഷ്കാരങ്ങളെ തുടർന്ന് താളം തെറ്റിയ ഇന്‍ഡിഗോ വിമാന സർവീസുകളുടെ റദ്ദാക്കൽ തുടരുന്നു. പ്രതിസന്ധി നാലാം ദിവസത്തിലേക്ക് കടന്നതോടെ വെള്ളിയാഴ്ച മാത്രം 500-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ റദ്ദാക്കിയ ആകെ വിമാനങ്ങളുടെ എണ്ണം 1,100 കടന്നു.

ഡൽഹിയിൽ നിന്നുള്ള സർവ്വീസുകളെയാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഡൽഹിയിൽ മാത്രം പുറപ്പെടുന്നതും എത്തുന്നതുമായ 225-ഓളം സർവീസുകൾ ഇന്ന് റദ്ദാക്കി. ഡൽഹിയിൽ നിന്നുള്ള എല്ലാ ഇന്‍ഡിഗോ സർവീസുകളും ഉച്ചവരെ നിർത്തി വെക്കേണ്ടിയും വന്നു.

ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നൂറിലധികം വിമാനങ്ങൾ വീതം റദ്ദാക്കി. ഹൈദരാബാദിൽ 92 സർവീസുകളും, ചെന്നൈ, പൂനെ, ഗോവ, ചണ്ഡീഗഡ് എന്നിവിടങ്ങളിലും നിരവധി സർവീസുകൾ മുടങ്ങി.

സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാകാൻ അടുത്ത വർഷം ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്ന് ഇന്‍ഡിഗോ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) അറിയിച്ചു. പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ (FDTL) നടപ്പിലാക്കുന്നതിലുണ്ടായ പാളിച്ചകളാണ് പ്രതിസന്ധിക്ക് കാരണമെന്ന് കമ്പനി സമ്മതിച്ചു. ഡിസംബർ 8 വരെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർ പ്രതിഷേധമാരംഭിച്ചു. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും ബദൽ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും പരാതിയുണ്ട്.

വിഷയം പാർലമെന്റിൽ പ്രതിഷേധത്തിന് വക വച്ചു. ഇന്‍ഡിഗോയുടെ കുത്തകവൽക്കരണവും സർക്കാരിന്റെ അനാസ്ഥയുമാണ് സാധാരണക്കാരുടെ ദുരിതത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ശിവസേന (ഉദ്ധവ് വിഭാഗം) എംപിമാരായ പ്രിയങ്ക ചതുർവേദി, മനീഷ് തിവാരി എന്നിവർ യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വ്യോമയാന മന്ത്രാലയം പരാജയമാണെന്ന് പ്രിയങ്ക ചതുർവേദി ആരോപിച്ചു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇടപെട്ടിട്ടുണ്ട്. വ്യോമയാന മന്ത്രാലയം കൺട്രോൾ റൂം തുറന്നു. പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച നിബന്ധനകളിൽ (FDTL) ഇന്‍ഡിഗോയ്ക്ക് താത്കാലിക ഇളവുകൾ അനുവദിച്ചു.

അതേസമയം, ഇന്‍ഡിഗോ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയും മൂന്നിരട്ടിയുമായി വർധിച്ചതായി യാത്രക്കാർ പരാതിപ്പെടുന്നു. ഡൽഹി-മുംബൈ യാത്രയ്ക്ക് 24,000 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *