Home / Politics / തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.

രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 26.04 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് (27.74%), കുറവ് തിരുവനന്തപുരത്താണ് (23.91%) കൊല്ലത്ത് 26.7% ഉം പത്തനംതിട്ടയിൽ 25.73% ഉം ആലപ്പുഴയിൽ 27.74% ഉം കോട്ടയത്ത് 26.01% ഉം ഇടുക്കിയിൽ 24.54% ഉം എറണാകുളത്ത് 27.59% മാണ് പോളിങ് ശതമാനം.

പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് എം.എ. ബേബിയും, സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന് മന്ത്രി പി. പ്രസാദും അവകാശപ്പെട്ടു. എന്നാൽ, യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവിനാണ് കളമൊരുങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, മാറ്റത്തിനായി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു.

വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *