നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതൃത്വം. പാർട്ടി എപ്പോഴും അതിജീവിതയ്ക്കൊപ്പമാണെന്നും അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരം മാത്രമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. സർക്കാർ അപ്പീൽ പോകണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് അടൂർ പ്രകാശ് പ്രതികരിച്ചത്. “അദ്ദേഹം ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹവുമായി വ്യക്തിപരമായി ബന്ധം ഉണ്ടായിരുന്ന ആള് കൂടിയാണ് ഞാൻ. സർക്കാർ അപ്പീലിന് പോകുമല്ലോ? സർക്കാരിന് വേറെ ഒരു പണിയും ഇല്ലല്ലോ,” എന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.
എന്നാൽ കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും വിധിയിൽ സർക്കാർ അപ്പീൽ പോകണമെന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. കോൺഗ്രസ് ഒരിക്കലും വേട്ടക്കാരനൊപ്പമല്ലെന്ന് രമേശ് ചെന്നിത്തല [പറഞ്ഞു. അടൂർ പ്രകാശിന്റെ പ്രതികരണം തികച്ചും വ്യക്തിപരമാണെന്ന് എം എം ഹസ്സൻ പറഞ്ഞു.
മുന്നണിയുടെ പേരിൽ അടൂർ പ്രകാശ് ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തരുതായിരുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പട്ടു. മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശങ്ങൾ അപലപനീയമാണ്. താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ഉമ തോമസ് പറഞ്ഞു.









