Home / Uncategorized / ഇൻഡിഗോ പ്രതിസന്ധി: സിഇഒയെ വിളിച്ചുവരുത്തി ഡിജിസിഎ; യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചർ

ഇൻഡിഗോ പ്രതിസന്ധി: സിഇഒയെ വിളിച്ചുവരുത്തി ഡിജിസിഎ; യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ചർ

പൈലറ്റുമാരുടെ കുറവും ആസൂത്രണ പിഴവും മൂലം രാജ്യത്തുടനീളം ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായ സാഹചര്യത്തിൽ നടപടി കർശനമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). പ്രതിസന്ധിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട് ഡിജിസിഎ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതിനിടെ, വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ആശ്വാസമായി കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡിസംബർ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ വിമാനം റദ്ദാക്കപ്പെട്ടതുമൂലം ഏറെ ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് 10,000 രൂപയുടെ ട്രാവൽ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചു. സർക്കാർ ചട്ടപ്രകാരമുള്ള 5,000-10,000 രൂപ വരെയുള്ള നഷ്ടപരിഹാരത്തിന് പുറമെയാണിത്. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും, പണം ലഭിക്കാത്തവർ customer.experience@goindigo.in എന്ന ഇമെയിലിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

ഇൻഡിഗോയുടെ പ്രവർത്തനം നിരീക്ഷിക്കാൻ 8 മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ ഡിജിസിഎ നിയോഗിച്ചു. ഇതിൽ രണ്ട് ഉദ്യോഗസ്ഥർ ഗുഡ്ഗാവിലെ ഇൻഡിഗോ ആസ്ഥാനത്ത് ക്യാമ്പ് ചെയ്ത് റീഫണ്ട്, നഷ്ടപരിഹാരം എന്നിവ ഉറപ്പുവരുത്തും. കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാം മോഹൻ നായിഡു സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.

സർവീസുകൾ പുനഃസ്ഥാപിക്കുന്നു: ഡിസംബർ 9 മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ഇൻഡിഗോ അവകാശപ്പെട്ടു. ഇന്ന് 1,950-ലധികം വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ബെംഗളൂരുവിൽ മാത്രം ഇന്ന് 60 വിമാനങ്ങൾ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ.

പൈലറ്റുമാരുടെ ജോലിസമയം സംബന്ധിച്ച പുതിയ ചട്ടങ്ങൾക്കെതിരെ (FDTL) പ്രതിഷേധിക്കാൻ കമ്പനി ബോധപൂർവം സൃഷ്ടിച്ചതാണ് ഈ പ്രതിസന്ധിയെന്ന ആരോപണം ഇൻഡിഗോ ചെയർമാൻ വിക്രം സിംഗ് മേത്ത തള്ളി. അതേസമയം, ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 30,000-40,000 രൂപ വരെയായി ഉയർത്തിയതിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

അദാനി ഗ്രൂപ്പ് പൈലറ്റ് പരിശീലന കേന്ദ്രം വാങ്ങിയതും ഇൻഡിഗോയിലെ പ്രതിസന്ധിയും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചപ്പോൾ, അമിത നിരക്ക് ഈടാക്കുന്നതിനെതിരെ അന്വേഷണം വേണമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) ആവശ്യപ്പെട്ടു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *