Home / Uncategorized / ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരായ ഇംപീച്ച്‌മെന്റ്: പ്രതിപക്ഷ നീക്കത്തിനെതിരെ 56 മുൻ ജഡ്ജിമാരുടെ സംയുക്ത പ്രസ്താവന

ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരായ ഇംപീച്ച്‌മെന്റ്: പ്രതിപക്ഷ നീക്കത്തിനെതിരെ 56 മുൻ ജഡ്ജിമാരുടെ സംയുക്ത പ്രസ്താവന

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ 56 മുൻ ജഡ്ജിമാർ സംയുക്ത പ്രസ്താവന ഇറക്കി. പ്രതിപക്ഷത്തിന്റെ നടപടി ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മധുരയില്‍ ഹിന്ദു, മുസ്ലിം വിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുളള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിക്കാന്‍ ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ബ്രാഹ്‌മണരായ അഭിഭാഷകര്‍ക്കും വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ക്കും മാത്രമാണ് സ്വാമിനാഥന്‍ തന്റെ മുന്നില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്ന പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. പൊതുപരിപാടികളില്‍ പങ്കെടുത്ത് നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് ജി ആര്‍ സ്വാമിനാഥനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഇഷ്ടമില്ലാത്ത വിധിന്യായങ്ങളുടെ പേരിൽ ജഡ്ജിമാരെ ഇംപീച്ച്‌മെന്റ് ഭീഷണിയിൽ നിർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ ജഡ്ജിമാരുടെ പ്രസ്താവനയിൽ പറയുന്നു. ജഡ്ജിമാർക്ക് ഭയമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികൾ. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. നിയമവാഴ്ച ഉറപ്പാക്കേണ്ട ജഡ്ജിമാരെ സമ്മർദ്ദത്തിലാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് മുൻ ജഡ്ജിമാർ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതിയിൽ നിന്നും വിവിധ ഹൈക്കോടതികളിൽ നിന്നും വിരമിച്ച ജഡ്ജിമാരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റിസ് സ്വാമിനാഥൻ പുറപ്പെടുവിച്ച വിധിയെത്തുടർന്നാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കം ആരംഭിച്ചത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *