Home / Politics / പാലായിൽ കുടുംബ വിജയം; ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു

പാലായിൽ കുടുംബ വിജയം; ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു

പാലാ നഗരസഭയിയിൽ അപൂർവ്വ നേട്ടം കൊയ്ത് ബിനു പുളിക്കക്കണ്ടവും കുടുംബവും. സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് ഉജ്ജ്വല വിജയം നേടിയത്. നഗരസഭയിലെ 13, 14, 15 വാർഡുകളിൽ നിന്നാണ് ഇവർ ജനവിധി തേടിയത്.

നഗരസഭാധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ ബിനു, കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. കേരള കോൺഗ്രസ് (എം)-മായി നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ സിപിഎം ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ വിജയിച്ച ഏക കൗൺസിലറായിരുന്ന ബിനു, ഇത്തവണ സ്വതന്ത്രനായി മത്സരിച്ചാണ് വിജയം നേടിയത്. 20 വർഷമായി കൗൺസിലറായ ഇദ്ദേഹം നേരത്തെ ബിജെപി, സിപിഎം സ്ഥാനാർത്ഥിയായും സ്വതന്ത്രനായും വിജയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അടുപ്പം പുലർത്തുന്ന ബിജു പുളിക്കക്കണ്ടവും കന്നി അങ്കത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ ബിനുവും ബിനുവിനൊപ്പം വിജയിച്ചത് കുടുംബത്തിന് ഇരട്ടി മധുരമായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ദിയ എംബിഎ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായരുടെ മക്കളാണ് ബിനുവും ബിജുവും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *