തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയ്ക്ക് ഉജ്ജ്വല വിജയം. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന ശ്രീലേഖ തന്റെ കന്നി അങ്കത്തിലാണ് വിജയം കുറിച്ചത്.
സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം വരെ നീണ്ടുനിന്ന വിവാദങ്ങളെ അതിജീവിച്ചാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഈ വിജയം. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പരാമർശങ്ങൾ പ്രചാരണ വേളയിൽ കോൺഗ്രസ് ആയുധമാക്കിയിരുന്നു. കൂടാതെ, പേരിനൊപ്പം ‘ഐപിഎസ്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ എതിർ സ്ഥാനാർത്ഥികൾ പരാതി ഉന്നയിച്ചതും, വോട്ടെടുപ്പ് ദിവസം പ്രീ-പോൾ സർവേ ഫലം പങ്കുവെച്ചതിനെതിരെ നടപടി വന്നതും വലിയ വാർത്തയായിരുന്നു.
എന്നാൽ, ഈ വിവാദങ്ങളൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ലെന്നതിന്റെ തെളിവാണ് ഈ വിജയം. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ എന്ന ഖ്യാതി നേടിയ ശ്രീലേഖ, ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷമാണ് ബിജെപിയിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്.










