മുൻ വടക്കാഞ്ചേരി എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ നേതാവ് നേരിട്ട് പഞ്ചായത്തിലേക്ക് മത്സരിക്കുന്നു എന്ന പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട അടാട്ട് ഗ്രാമപഞ്ചായത്തിലെ സംസ്കൃത കോളേജ് വാർഡിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അനിൽ അക്കര 300-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ കെ.ബി. തിലകനെ പരാജയപ്പെടുത്തിയത്. വി.ജി. ഹരീഷായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ പരാജയപ്പെട്ടെങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ വിജയം അനിൽ അക്കരയ്ക്ക് ശക്തമായ തിരിച്ചുവരവാണ് നൽകിയിരിക്കുന്നത്. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ മികച്ച പ്രവർത്തനത്തിലൂടെ അനിൽ അടാട്ടിനെ നയിച്ചിരുന്നു. നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് നേടി കൊടുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിരുന്നു.










