Home / Uncategorized / നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർ‌ഷക്കാലം മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി നിലകൊണ്ട ശ്രീനിവാസൻ 200ലേറെ സിനിമകളിൽ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ 1976 ൽ പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടക്കകാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ ശ്രീനിവാസൻ തന്റെ കഴിവ് തെളിയിച്ചു. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകള്‍ ചെയ്‌തു.

പ്രിയദര്‍ശൻ- കമല്‍ കൂട്ടുകെട്ടിലും മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. ഗൗരവമുള്ള വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ശ്രീനിവാസൻ മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവതലം തുറന്നു കൊടുത്തു.

1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. സംവിധാനത്തെക്കാൾ തിരക്കഥ രചനയിലായിരുന്നു ശ്രീനിവാസൻ കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.

സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ മാറ്റിമറിച്ച ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *