Home / Uncategorized / ഹർജിയിൽ വെള്ളിയാഴ്‌ച വിധി; ‘ജനനായകന്റെ’ റിലീസ് മാറ്റിവച്ചു

ഹർജിയിൽ വെള്ളിയാഴ്‌ച വിധി; ‘ജനനായകന്റെ’ റിലീസ് മാറ്റിവച്ചു

വിജയ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്റെ’ റിലീസ് അനിശ്ചിതത്വത്തിലേക്ക്. ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സങ്ങൾ കാരണം മാറ്റിവെച്ചിരിക്കുകയാണ്. സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കവും സംഭാഷണങ്ങളും കേന്ദ്രീകരിച്ച് സെൻസർ ബോർഡുമായി നിലനിന്നിരുന്ന തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണുള്ളത്.

ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നിർബന്ധിതരായത്. സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച 27 കട്ടുകൾക്കെതിരെയാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. യു/എ സർട്ടിഫിക്കറ്റ് നൽകാമെന്ന് ആദ്യം അറിയിച്ച സെൻസർ ബോർഡ് പിന്നീട് നിലപാട് മാറ്റിയതാണ് ആരാധകർക്ക് ആഘാതമായി റിലീസ് മാറ്റാൻ കാരണമായത്.

റിലീസ് മാറ്റിയത് നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള ടിക്കറ്റ് ബുക്കിങ്ങിലൂടെ മാത്രം ഏകദേശം 50 കോടി രൂപയോളം ഇതിനോടകം സമാഹരിച്ചിരുന്നു. കേരളത്തിലടക്കം പുലർച്ചെയുള്ള ഫാൻ ഷോകൾ ഉൾപ്പെടെ മാറ്റിവെച്ചതോടെ വിജയ് ആരാധകർ വലിയ നിരാശയിലാണ്.

ഈ സാഹചര്യം മുതലെടുത്ത് ചില മലയാളം ചിത്രങ്ങൾ നേരത്തെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളിയായ മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *